എം.ഡി.എം.എ കടത്തിയ സംഘത്തിലെ നാലുപേർ പിടിയിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
കഴക്കൂട്ടം: ബംഗളൂരിൽ നിന്ന് എം.ഡി.എം.എ കടത്തിക്കൊണ്ടുവരുന്ന സംഘത്തിലെ പ്രധാനികളായ നാലു പേരെ തുമ്പ പോലീസ് പിടികൂടി. കൊല്ലം ഉമൈനല്ലൂർ സ്വദേശി അബ്ദുറസാഖ് (24),കൊല്ലം മുണ്ടക്കൽ സ്വദേശി പ്രണവ് (25), തൃശ്ശൂർ കുന്നംകുളം സ്വദേശികളായ ഷഹബാസ് (26) , അനസ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 37 ഗ്രാം എംഡിഎം എ യുമായി പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത്.
കൊല്ലം സ്വദേശികളാണ് എംഡിഎംഎ ബംഗളൂരിൽ നിന്ന് എത്തിച്ചത്. തൃശൂർ സ്വദേശികളായ പ്രതികളാണ് എം.ഡി.എം.എ കച്ചവടത്തിനായി പണം നൽകിയതെന്ന് പോലീസ് കണ്ടെത്തി. ദിവസങ്ങൾ നീണ്ട പോലീസിന്റെ നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.