ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മുൻകൂർ ജാമ്യം തള്ളിയിട്ടും അറസ്റ്റില്ലെന്ന് പരാതി
text_fieldsകഴക്കൂട്ടം: ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായ പരാതിയിൽ മുൻകൂർ ജാമ്യം തള്ളിയിട്ടും അറസ്റ്റില്ലെന്ന്. മേനംകുളത്തെ സാൻഡ്രോയിഡ് ബിൽഡേഴ്സ് പണി കഴിപ്പിക്കുന്ന അഡോണിയ എന്ന അപ്പാർട്ട്മെന്റിന്റെപേരിൽ ഐ.ടി ജീവനക്കാരായ പാലക്കാട് സ്വദേശിനി ദിവ്യ ബാലു, ചന്തവിളസ്വദേശി അരവിന്ദ് എന്നിവരിൽനിന്ന് പണം തട്ടുകയായിരുന്നു. ദിവ്യയിൽനിന്ന് 19.98 ലക്ഷം രൂപയും അരവിന്ദിൽനിന്ന് അഞ്ച് ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്.
2021 ജൂണിൽ അപ്പാർട്ട്മെന്റിനായി ദിവ്യ 50,000 രൂപ ആദ്യം കൊടുത്തു. 2022 ഡിസംബർ 31ന് കൈമാറ്റം ചെയ്യുമെന്ന ഉറപ്പിൽ പിന്നീട് ഏഴ് ലക്ഷം രൂപകൂടി നൽകി. നിർമാണം നടക്കുന്നതനുസരിച്ച് ബാക്കി തുക കൂടി നൽകണമെന്നായിരുന്ന ആവശ്യമനുസരിച്ച് 12,48,000 രൂപ കൂടി നൽകി. എന്നാൽ അപ്പാർട്ട്മെന്റ് നിർമാണത്തിലെ മെല്ലെപ്പോക്ക് പലതവണ ദിവ്യ ചോദ്യം ചെയ്തു.
തട്ടിപ്പ് മനസ്സിലാക്കിയ ദിവ്യ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി കമീഷനെ സമീപിച്ചു. ദിവ്യയുടെ വാദം കേട്ട റെറ 2024 ഡിസംബറിൽ ദിവ്യക്ക് അനുകൂലമായി ഉത്തരവ് വിധിച്ചു. 17.15 ശതമാനം പലിശ ഉൾപ്പെടെ മുഴുവൻ തുകയും തിരികെ നൽകണമെന്നായിരുന്നു റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി കമീഷന്റെ ഉത്തരവ്. 60 ദിവസത്തിനകം പണം തിരികെ നൽകണമെന്ന് ഉത്തരവ് ലംഘിച്ചതിനെതിരെ നൽകിയ റിവ്യൂ ഹരജി റെറയുടെ പരിഗണനയിലാണ്. ഈ വർഷം മേയ് നാലിന് ദിവ്യ കെട്ടിട ഉടമസ്ഥരായ അലക്സാണ്ടർ വടക്കേടത്തിനും സഞ്ജു ദാസിനും എതിരെ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. തുടർന്ന് ഗത്യന്തരമില്ലാതെ കഴക്കൂട്ടം പൊലീസ് രണ്ടുപേർക്കും എതിരെയും കേസ് രജിസ്റ്റർ ചെയ്തു.
ഇതോടെ ഫ്ലാറ്റ് ഉടമകൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. എന്നാൽ ഇരുവരെയും അറസ്റ്റ് ചെയ്യാൻ കഴക്കൂട്ടം പൊലീസ് തയാറായില്ലെന്നാണ് പരാതി. പൊലീസിൽ പലപ്രാവശ്യം ബന്ധപ്പെട്ടപ്പോഴും ഏഴുവർഷത്തിൽ കുറഞ്ഞ ശിക്ഷയായതിനാൽ അറസ്റ്റ് ചെയ്യാൻ കഴിയില്ല എന്ന മുടന്തൻന്യായമാണ് പൊലീസ് പറഞ്ഞത്. ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതികൾ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്.