കണിയാപുരത്ത് കടുക്കും
text_fieldsഅഡ്വ. എം റാഫി (എൽ.ഡി.എഫ്), മാഹാണി ജസീം (യു.ഡി.എഫ്), അഭിലാഷ് (എൻ.ഡി.എ)
കഴക്കൂട്ടം: തിരുവനന്തപുരം ജില്ല പഞ്ചായത്ത് കണിയാപുരം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ മണ്ഡലം ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുന്നു. അണ്ടൂർക്കോണം പഞ്ചായത്തിലെ 18 വാർഡുകളും കഠിനംകുളം പഞ്ചായത്തിലെ 17 വാർഡുകളും ഉൾപ്പെട്ടതാണ് കണിയാപുരം ഡിവിഷൻ. തുടർച്ചായി മൂന്ന് തവണ എൽ.ഡി.എഫ് വിജയിച്ചു വരുന്ന കണിയാപുരം ഡിവിഷനിൽ വീണ്ടും വിജയം ആവർത്തിക്കാനാകുമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. ഘടകക്ഷിയായ മുസ്ലിം ലീഗാണ് കണിയാപുരം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്.നേരത്തെ ഒരു തവണ ഡിവിഷനിൽ നിന്നും വിജയിച്ച യു.ഡി .എഫ് കഴിഞ്ഞ 15 വർഷത്തെ വികസന മുരുടിപ്പ് ചൂണ്ടിക്കാട്ടിയാണ് വോട്ട് തേടുന്നത്. ഇത്തവണ വിജയിക്കുമെന്ന് ശുഭപ്രതീക്ഷയിലാണ് ബി.ജെ.പി.
സി.പി.എം മംഗലപുരം ഏരിയ കമ്മറ്റി അംഗവും കയർബോർഡ് ഡയറക്ടർ അംഗവുമായ അഡ്വ. എം റാഫിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. മുസ്ലിം ലീഗ് ചിറയിൻകീഴ് മണ്ഡലം ജനറൽ സെക്രട്ടറിയും സാമൂഹിക-സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന മാഹാണി ജസീമാണ് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്.
തിരുവനന്തപുരം ജില്ലയിൽ മുസ്ലിം ലീഗിനുള്ള ഏക ഡിവിഷനാണ് കണിയാപുരം . ഇക്കുറി കണിയാപുരം ഡിവിഷൻ തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. കെ.എം.സി.സി ഷാർജ കമ്മിറ്റിയുടെ തിരുവനന്തപുരം ജില്ല ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ അണ്ടൂർക്കോണം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കുന്നിനകം അഭിലാഷാണ് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്നത്.


