അസം സ്വദേശിയിൽ നിന്ന് ഒരു കോടി വില വരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
text_fieldsപിടിച്ചെടുത്ത പുകയില ഉൽപന്നങ്ങൾ എക്സൈസ് സംഘം ലോറിയിൽ കയറ്റുന്നു. ഇൻസൈറ്റിൽ അറസ്റ്റിലായ അജ്മൽ അലി
കഴക്കൂട്ടം: കഴക്കൂട്ടത്ത് ഒരു കോടിയോളം വില വരുന്ന നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. രണ്ടിടങ്ങളിൽ നിന്നായി 2000 കിലോയോളം പുകയില ഉൽപന്നങ്ങളാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി അജ്മൽ അലി (26) യെ എക്സൈസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ നെയ്യാറ്റിൻകര എക്സൈസ് സംഘം 30 കിലോ പുകയില ഉൽപന്നങ്ങളുമായി മറ്റൊരാളെ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിൻകര എക്സൈസ് സംഘവും എക്സൈസ് ഐ.ബി സംഘവും കഴക്കൂട്ടത്ത് പരിശോധന നടത്തിയത്.
ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് ടെക്നോപാർക്കിന് സമീപത്തെ മൊത്ത വ്യാപാര കേന്ദ്രം കണ്ടെത്തിയത്.തുടർന്ന് പിടിയിലായ അജ്മൽ അലിയുടെ ബന്ധുക്കൾ താമസിക്കുന്ന മേനംകുളത്തെ വീട്ടിലും പരിശോധന നടത്തി.രണ്ടിടങ്ങളിലെ വാടക വീടുകളിൽ നിന്നുമായി 2000 ത്തോളം കിലോ നിരോധിത പുകയില ഉൽപന്നങ്ങളാണ് കണ്ടെടുത്തത്.50 ലധികം ഇനത്തിലുള്ള പുകയില ഉൽപന്നങ്ങളും ലഹരി മിഠായികളും എക്സൈസ് സംഘം പിടിച്ചെടുത്തു. ഓർഡർ അനുസരിച്ച് സ്ഥലങ്ങളിൽ എത്തിച്ചു കൊടുക്കുകയാണ് പതിവ്.
സംഘത്തിൽ കൂടുതൽ പേരുണ്ടെന്നാണ് വിവരം. ഇതിന് വിപണിയിൽ ഒരു കോടിയോളം രൂപ വില വരും എന്നാണ് എക്സൈസ് സംഘം പറഞ്ഞത്. ലഹരിവസ്തുക്കൾ പ്ലാസ്റ്റിക് കവറുകളിൽ പാക്ക് ചെയ്ത് സ്കൂൾ കുട്ടികൾക്ക് സംഘം എത്തിക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചു. പാക്ക് ചെയ്യാൻ ഉപയോഗിച്ച പ്ലാസ്റ്റിക് കവറുകളും എക്സൈസ് കണ്ടെടുത്തു.