പിഴ തുക ‘വിഴുങ്ങി’ ഗ്രേഡ് എസ്.ഐ: പരാതിയിൽ അന്വേഷണം ആരംഭിച്ചു
text_fieldsകഴക്കൂട്ടം: വാഹന ഉടമയിൽ നിന്ന് ഈടാക്കിയ പിഴത്തുക ഗ്രേഡ് എസ്.ഐ മുക്കിയതായി പരാതി. തുമ്പ പൊലീസ് സ്റ്റേഷനിലെ ഗ്രേസ് ഐ. ഷാനവാസിനെതിരെയാണ് പരാതി. എസ്.ഐക്കെതിരെ കഴക്കൂട്ടം അസിസ്റ്റൻറ് കമീഷണർ സിറ്റി പൊലീസ് കമീഷണർക്ക് റിപ്പോർട്ട് നൽകി. ആറ്റിങ്ങൽ സ്വദേശി അനൂപിൽ നിന്ന് ഈടാക്കിയ 500 രൂപയാണ് ഗ്രേഡ് എസ്.ഐ സ്വന്തം പോക്കറ്റിൽ ആക്കിയത്. ഞായറാഴ്ച രാവിലെ അനൂപ് കുടുംബവുമായി ആശുപത്രിയിൽ പോകവേ വാഹനം കൈകാണിച്ചുനിർത്തിയ ഗ്രേഡ് എസ്.ഐ ഷാനവാസ് കാറിന്റെ നമ്പർ പ്ലേറ്റ് ശരിയല്ല എന്ന് കണ്ടാണ് പിഴ ഈടാക്കിയത്. ആദ്യം അയ്യായിരം രൂപയാണ് ചോദിച്ചത് കൈയിൽ കാശില്ല എന്ന് പറഞ്ഞപ്പോൾ വിലപേശി 1000 രൂപ വരെ എത്തിച്ചു.
പിഴ എഴുതി തന്നാൽ മതി പിന്നീട് താൻ അടച്ചോളാം എന്ന് പറഞ്ഞപ്പോൾ അപ്പോൾതന്നെ അടക്കണമെന്ന് പറഞ്ഞു. ൈകയിൽ കാശില്ല എന്ന് പറഞ്ഞപ്പോൾ 500 രൂപ വാങ്ങി രസീത് കൊടുക്കാതെ പറഞ്ഞുവിട്ടു. തുടർന്ന് അനൂപ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. പരാതി പരിശോധിച്ച ഉദ്യോഗസ്ഥർ കാര്യം ചോദിച്ചപ്പോൾ രസീത് കൊടുക്കാൻ മറന്നതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. നേരത്തേയും സമാനമായി പണം മുക്കിയതായി കണ്ടെത്തിയെങ്കിലും പിടിക്കപ്പെടുപ്പോൾ പണം തിരികെ നൽകുകയാണ് ഇയാളുടെ രീതി. ഇത്തവണ കൃത്യമായി പരാതിയുള്ളതിനാൽ ഷാനവാസ് കുടുങ്ങുകയായിരുന്നു. റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകുമെന്ന് കഴക്കൂട്ടം കമീഷണർ പറഞ്ഞു.