റേഷൻ അരി കടത്തൽ: ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ
text_fieldsതുമ്പ പൊലീസ് പിടികൂടിയ ലോറിയും റേഷൻ അരിയും
കഴക്കൂട്ടം: റേഷൻ അരി കടത്തിയ ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ. തുമ്പ കുഴിവിളയിൽനിന്നാണ് 292 ചാക്ക് റേഷൻ അരിയോടുകൂടിയ ലോറി തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോറി ഡ്രൈവർ നെയ്യാറ്റിൻകര സ്വദേശി ബിജുമോനെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം രാത്രി റേഷനരി കടത്തുന്നെന്ന് പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുഴിവിള എം.ജി.എം സ്കൂളിന് സമീപത്തുനിന്ന് ലോറി കസ്റ്റഡിയിലെടുത്തത്. സപ്ലൈകോ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 292 ചാക്കും റേഷൻ അരിയാണെന്ന് കണ്ടെത്തി.
പൂവാർ ബസ് സ്റ്റാൻഡിന് അടുത്തുള്ള ഗോഡൗണിൽനിന്നാണ് അരി കൊണ്ടുവന്നതെന്ന് ബിജുമോൻ പൊലീസിനോട് പറഞ്ഞു. വിവിധ റേഷൻ കടകളിൽനിന്ന് ശേഖരിക്കുന്ന അരി പൂവാർ ബസ് സ്റ്റാൻഡിനടുത്തുള്ള ഗോഡൗണിലേക്ക് മാറ്റി അവിടെനിന്നാണ് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നത്.
കാലടിയിലെ സ്വകാര്യ വ്യക്തിയുടെ ഗോഡൗണിലേക്ക് കൊണ്ടുപോകുംവഴിയാണ് പിടിയിലായത്. പിടിച്ചെടുത്ത അരി മേനംകുളത്തെ സപ്ലൈകോ ഗോഡൗണിലേക്ക് മാറ്റി. കസ്റ്റഡിയിലെടുത്ത ലോറി ജില്ല കലക്ടർക്ക് കൈമാറുമെന്ന് തുമ്പ പൊലീസ് പറഞ്ഞു. തലസ്ഥാനത്തുടനീളം ഇത്തരത്തിൽ റേഷൻ അരി മറിച്ചുവിൽക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ ഡ്രൈവറെ ജാമ്യത്തിൽ വിട്ടു.