നായയുടെ കടിയേറ്റ് കുട്ടികളടക്കം ഏഴുപേർക്ക് പരിക്ക്
text_fieldsനായയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുന്നവർ
കഴക്കൂട്ടം: ചെമ്പഴന്തി ആനന്ദേശ്വരത്ത് നായയുടെ കടിയേറ്റ് കുട്ടികളടക്കം ഏഴുപേർക്ക് പരിക്ക്.ആനന്ദേശ്വരം സ്വദേശികളായ ഓമന (65), ബിനു (51),രമ്യ (38),റജീന (35) ശിവകാശ്(15 ) നും രണ്ടു കുട്ടികൾക്കും കടിയേറ്റു.മൂന്ന് പേർ മെഡിക്കൽ കോളജിലും ഒരാൾ പാങ്ങപ്പാറ ഹെൽത്ത് സെന്ററിലും മറ്റുള്ളവർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ബുധനാഴ്ച രാവിലെ ഏഴു മണിയോടെ പാലുവാങ്ങാൻ പോയ റജീനയെയാണ് നായ ആദ്യം കടിച്ചത്.
തുടർന്ന് വീടിന് സമീപത്തുനിന്ന രമ്യ ,ശിവകാശ് ,ഓമന എന്നിവരുടെ കാലിലും സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന ബിനുവിന്റെ വലതു കൈയിലും ആനന്ദേശ്വരത്ത് ജങ്ഷന് സമീപത്ത് നിന്ന രണ്ടുകുട്ടികൾക്കും നായയുടെ കടിയേറ്റു. ആനന്ദേശ്വരം, പുളിയർത്തല, ഇടത്തറ,പൗർണമി ഗാർഡൻസ് പ്രദേശത്തെ വളർത്തുമൃഗങ്ങളെയും നിരവധി തെരുവുനായ്ക്കളെയും കടിച്ചു. പുളിയർത്തല സ്വദേശി മുരളീധരൻ നായരുടെ വീട്ടിലെ കെട്ടിയിടാതെ വളർത്തുന്ന നായയാണ് കടിച്ചതെന്ന് നാട്ടുകാർ പറയുന്നു.