കോഴികളെ കൂട്ടത്തോടെ കൊന്ന് തെരുവ് നായ്ക്കൂട്ടം
text_fieldsമംഗലപുരത്ത് തെരുവുനായ്കൂട്ടം കൊന്ന വളർത്തു കോഴികൾ
കഴക്കൂട്ടം: മംഗലപുരത്ത് തെരുവുനായ്കൂട്ടം വളർത്തു കോഴികളെ കൊന്നു. മംഗലപുരം തലക്കോനത്ത് വിളയിൽ പുത്തൻവീട്ടിൽ ജലാലിന്റെ 27 ഓളം കോഴികളെയാണ് കൊന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നോടെയാണ് സംഭവം. കൂട് പൊളിച്ചാണ് നായ്കൂട്ടം കോഴിക്കൂട്ടിൽ കയറിയത്. പന്ത്രണ്ടോളം തെരുവുനായ്കളുണ്ടായിരുന്നതായി ജലാൽ പറഞ്ഞു.
കോഴികളുടെ ശബ്ദം കേട്ട് ഉണർന്ന വീട്ടുകാരാണ് തെരുവുനായ് കൂട്ടത്തെ ഓടിച്ചുവിട്ടത്. ആറുമാസം മുമ്പ് തെരുവ് നായ്കൾ ഇതേ വീട്ടിൽ കയറി 15ഓളം കോഴികളെ കടിച്ചു കൊന്നു. സമീപത്തെ കൂരാവീട്ടിൽ നജീബിന്റെ വീട്ടിലും മാസങ്ങൾക്ക് മുന്നേ തെരുവുനായ് അക്രമം ഉണ്ടായി. അന്ന് 12 പ്രാവുകളെയും നാല് മുയലുകളെയും കൊന്നു. അടുത്തിടെ സ്കൂൾ വിദ്യാർഥിനിയെ തെരുവുനായ് കടിച്ച സംഭവം ഉണ്ടായി.
പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണെന്നും അധികാരികളുടെ ശ്രദ്ധയുണ്ടാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. രാത്രികാലങ്ങളിൽ കാട്ടുപന്നി, മുള്ളൻപന്നി ശല്യവും ഇവിടെ രൂക്ഷമാണ്.