വനിത പൊലീസുകാരെ ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞ പ്രതി പിടിയിൽ
text_fieldsജോസ്
കഴക്കൂട്ടം: ഉയർന്ന വനിത പൊലീസ് ഉദ്യോഗസ്ഥരെയും വനിത ബറ്റാലിയൻ ഉദ്യോഗസ്ഥരെയും ഫോണിൽവിളിച്ച് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ. കഴക്കൂട്ടം മേനംകുളം സ്വദേശി ജോസ് (35) നെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. വനിത ബറ്റാലിയനിൽ വിളിച്ച് അശ്ലീലം പറഞ്ഞതിനാണ് ജോസിനെ കഴക്കൂട്ടം പോലീസ് പിടികൂടിയത്.
പൊലീസ് യൂനിഫോമിട്ട വനിതകളുടെ നമ്പർ കിട്ടിയാൽ ജോസിന് പിന്നെ അടങ്ങിയിരിക്കാൻ കഴിയില്ല. ഇൻറർനെറ്റിൽ നോക്കി വനിത പൊലീസ്ലീസിന്റെയും ഉദ്യോഗസ്ഥരുടെയും നമ്പർ ശേഖരിച്ച് അശ്ലീലവും ലൈംഗിക ചുവയുള്ള വർത്തമാനവും പറയലാണ് ഇയാളുടെ പ്രധാന രീതി.
ഇൻറർനെറ്റിൽ പരതി ഐ.ജി യെന്നോ ഡിവൈ.എസ്.പി എന്നോ വ്യത്യാസമില്ലാതെ വനിത ഉദ്യോഗസ്ഥരുടെ നമ്പർ കണ്ടെത്തി ഫോൺ വിളിച്ച് പ്രതി അശ്ലീലം പറയും. പല ഉയർന്ന ഉദ്യോഗസ്ഥരും ശല്യം സഹിക്കാനാവാതെ പ്രതിയുടെ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ജോസ്. കഴക്കൂട്ടം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപെട്ട ജോസ് സമാനമായ 20 കേസുകളിൽ പ്രതിയാണ്. എറണാകുളത്തും തിരുവനന്തപുരത്തും മോഷണകേസുകളും ഇയാൾക്കെതിരെയുണ്ട്.
രണ്ടുതവണ പോലീസ് പിടികൂടിയപ്പോഴും ഇയാൾ കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടതിനും കേസുണ്ട്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു.