കപ്പലുകളിലെ രക്ഷാബാഗുകളും വാട്ടർ ഡിങ്കിയും കരക്കടിഞ്ഞു
text_fieldsകടലിൽ ഒഴുകിനടന്ന വാട്ടർ ഡിങ്കി കരക്കെത്തിച്ചപ്പോൾ
കഴക്കൂട്ടം: കപ്പലുകളിലെ രക്ഷാ ബാഗുകളും വാട്ടർ ഡിങ്കിയും കരക്കടിഞ്ഞു. ബുധനാഴ്ച രാത്രി 11 നാണ് തുമ്പ ആറാട്ടുവഴി കടപ്പുറത്ത് രണ്ട് ബാഗുകൾ കരക്കടിഞ്ഞത്. തുടർന്നുള്ള പരിശോധനയിൽ കടലിലൂടെ ഒഴുകിപ്പോകുന്ന വായു പൂർണമായും ഇല്ലാതിരുന്ന ലൈഫ് ബോട്ട് മത്സ്യതൊഴിലാളികൾ കണ്ടെത്തി. കടലോര ജാഗ്രത സമിതിയിലെ മത്സ്യത്തൊഴിലാളി ബാബു നീന്തിച്ചെന്ന് ഇവ കരക്കെത്തിച്ചു.
തുടർന്ന് കഴക്കൂട്ടം പൊലീസിനെയും വിഴിഞ്ഞം കോസ്റ്റൽ പൊലീസിനെയും അറിയിച്ചു. പിന്നാലെ ബാഗുകൾ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തിച്ചു. കടലിൽ വെച്ചുള്ള അപകടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നവയാണിതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കോസ്റ്റൽ പൊലീസോ കോസ്റ്റ് ഗാർഡോ എത്തി പരിശോധിച്ചാലേ ഈ വസ്തുക്കൾ സംബന്ധിച്ച് വ്യക്തതവരൂയെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കരയിലേക്ക് നുഴഞ്ഞുകയറ്റക്കാർ കയറി എന്നാണ് മത്സ്യത്തൊഴിലാളികൾ സംശയിക്കുന്നത്. ഐ.എസ്.ആർ.ഒ അടക്കമുള്ള തന്ത്രപ്രധാനമായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇവിടെ കനത്ത ജാഗ്രത ഏർപ്പെടുത്തണമെന്നാണ് കടലോര ജാഗ്രതാസമിതി ആവശ്യപ്പെട്ടു.