ജോലി വാഗ്ദാനം ചെയ്തത് ലക്ഷങ്ങൾ തട്ടിയ യുവതികൾ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
കഴക്കൂട്ടം: സർക്കാർ അർധസർക്കാർ സ്ഥാപനങ്ങളിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപയോളം തട്ടിയെടുത്ത യുവതികൾ അറസ്റ്റിൽ. കണിയാപുരം റെയിൽവേ സ്റ്റേഷന് സമീപം രഹന(42), മംഗലപുരം മുരുക്കുംപുഴ കോഴിമട ക്ഷേത്രത്തിന് സമീപം ജയസൂര്യ (41) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴക്കൂട്ടം സ്വദേശികളായ നാലു പേരിൽനിന്ന് പൊലൂഷൻ കൺട്രോൾ ബോർഡിലോ അതല്ലെങ്കിൽ തത്തുല്യമായ മറ്റു സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിലോ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപയോളം തട്ടിയ കേസിലാണ് യുവതികൾ അറസ്റ്റിലായത്. ജോലി കിട്ടാതായപ്പോൾ യു.കെയിലേക്ക് വിസ നൽകാം എന്നു പറഞ്ഞു യുവതിയെ കബളിപ്പിച്ചു പണം തട്ടി. പല ഘട്ടങ്ങളിലായാണ് 25 ലക്ഷം രൂപ തട്ടിയെടുത്തത്. അറസ്റ്റിലായ രഹന ബൈക്ക് റൈഡിങ്ങിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ ആളാണ്.
കന്യാകുമാരി മുതൽ കാശ്മീർ വരെ ബൈക്ക് റൈഡിങ് നടത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളിൽ അറസ്റ്റിലായവർക്കെതിരെ സമാന കേസുകൾ ഉണ്ടെന്നും ജയസൂര്യ ജയിൽവാസം കഴിഞ്ഞ് അടുത്ത ദിവസമാണ് പുറത്തിറങ്ങിയതെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


