യുവാവിനെ മർദിച്ച് പണവും സ്വർണവും കവർന്നു; മൂന്ന് പേർ കസ്റ്റഡിയിൽ
text_fieldsകഴക്കൂട്ടം: യുവാവിനെ മർദിച്ച് സ്വർണമാലയും പണവും കവർന്ന കേസിൽ മൂന്നു പേർ പിടിയിലായി. ഗാന്ധിപുരം സ്വദേശി അഡ്വിൻ ലാസിന് (41) ആണ് മർദനമേറ്റത്. നാലിന് വൈകീട്ട് അണിയൂർ ചെമ്പഴന്തി റോഡിലെ പുരയിടത്തിൽ വച്ചായിരുന്നു മർദനം. കഴുത്തിലുണ്ടായിരുന്ന രണ്ടു പവൻ മാലയും 1800 രൂപയും കവർന്നതായി പരാതി.
മാലയ്ക്ക് വേണ്ടിയുള്ള പിടിവലിയിൽ ഇയാളുടെ കഴുത്തിന് മുറിവേറ്റു. തറയിലിട്ട് ചവിട്ടുകയും ചെരുപ്പും ഓലമടലും കൊണ്ട് അടിക്കുകയും ചെയ്തു. മറ്റാരോ പകർത്തിയ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് ക്രൂരമർദനത്തിന്റെ വിവരം പുറത്തറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. ചന്തവിള സ്വദേശി നിധിൻ (27), അണിയൂർ സ്വദേശികളായ ഷിജിൻ (23), അജിൻ (24) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്തത്.