‘ആരോഗ്യകേരളം നമ്പർ വൺ’? ഇല്ലാത്ത രോഗങ്ങളില്ല, ‘പൊള്ളാതെ’ ചികിത്സയുമില്ല
text_fieldsതിരുവനന്തപുരം: ആരോഗ്യകേരളം ‘നമ്പർ വൺ’ എന്ന് സർക്കാറും സംവിധാനങ്ങളും അവകാശപ്പെടുമ്പോഴും രോഗാതുരതയിലും ചികിത്സാചെലവിലും രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ് കേരളം. പേവിഷബാധയടക്കം പകർച്ചപ്പനി ഉൾപ്പെടെ 25 ഇനം സാംക്രമിക രോഗങ്ങളാണ് കേരളത്തിന്റെ അന്തരീക്ഷത്തിൽ ഭീഷണി പരത്തുന്നത്. പുറമെ ജീവിതശൈലി രോഗങ്ങളായ പ്രമേഹവും അമിത രക്തസമ്മർദ്ദവും അടക്കം അർബുദ രോഗങ്ങളും മാനസിക രോഗങ്ങളും റോഡപകടങ്ങളും വെല്ലുവിളി ഉയർത്തുന്നു.
ചെറുപ്പക്കാർക്കിടയിലെ കുഴഞ്ഞുവീണുള്ള മരണങ്ങളും ഉത്തരംകിട്ടാത്ത ചോദ്യമായി. വൃദ്ധജനാനുപാത വർധനവും രോഗാതുരത വർധിക്കുന്നതിന് കാരണമാണ്. ഈ വർഷം എട്ടുമാസത്തിനിടെ മാത്രം സാംക്രമിക രോഗങ്ങൾ കവർന്നത് 473 ജീവനുകളാണ്. അതിൽ ഏറ്റവും കൂടുതൽ എലിപ്പനി ബാധിച്ചാണ്. ലോകത്തെവിടെയും പുതിയൊരുരോഗം റിപ്പോർട്ട് ചെയ്താൽ ദിവസങ്ങൾക്കകം കേരളത്തിൽ അതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.
നമ്പർവൺ ആരോഗ്യ കേരളത്തിൽ ഇതെങ്ങനെ സംഭവിക്കുന്നു എന്നത് ഉത്തരംകിട്ടാത്ത ചോദ്യമാണ്. ശാസ്ത്രീയമല്ലാത്ത മാലിന്യസംസ്കരണം, മാലിന്യം നിറഞ്ഞ ജലസ്രോതസുകൾ, ജന്തുക്കളുമായുള്ള സഹവാസം തുടങ്ങിയവ ഒരുപരിധി വരെയുള്ള കാരണങ്ങളാണ്. എന്നാൽ മുൻകൂട്ടി രോഗങ്ങളെ തിരിച്ചറിയാൻ വേണ്ടിയുള്ള ശാസ്ത്രീയ പഠനങ്ങളുടെ കാര്യത്തിൽ കേരളം പിന്നാക്കം തന്നെയാണ് ഇപ്പോഴും. ഡെങ്കിപ്പനി വ്യാപനം തൊട്ട് ഇങ്ങോട്ട് ഇൻഫ്ലുവൻസ, നിപ്പ, കോവിഡ്, അമീബിക് മസ്തിഷ്കജ്വരം അടക്കം വലിയ ഭീഷണി ഉയർത്തിയിട്ടും ശാസ്ത്രീയപഠനങ്ങൾ കാര്യമായി നടന്നിട്ടില്ല.
‘തലച്ചോർ തീനി’ എന്നറിയപ്പെടുന്ന ‘നൈഗ്ലേരിയ ഫൗളരി’ എന്ന ഒറ്റയിനം അമീബയാണ് മുൻപ് കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരത്തിന് കാരണമായിരുന്നത്. എന്നാൽ, അടുത്തകാലത്ത് റിപ്പോർട്ട് ചെയ്ത ഇത്തരം കേസുകളിൽ മറ്റ് അമീബ വകഭേദങ്ങളും കാരണമായെന്നാണ് കണ്ടെത്തൽ. അമീബിക് മസ്തിഷ്കജ്വര ബാധയെക്കുറിച്ച് പഠിക്കാൻ ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതികൾ പഠനം തുടരുന്നതേയുള്ളൂ.
ഇതിനൊക്കെ പുറമെയാണ് പൊള്ളുന്ന ചികിത്സാനിരക്ക്. സർക്കാർ ആശുപത്രികളിലും പണച്ചെലവുണ്ടാകുന്നു. അരനൂറ്റാണ്ട് മുമ്പ് ആഗോള ആരോഗ് ഭൂപടത്തിൽ കേരളം മാതൃകയായി വിശേഷിപ്പിക്കപ്പെ ട്ടിരുന്നു. കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ആരോഗ്യം എന്നതാണ് ഈ വിശേഷണത്തിന് അർഹമാക്കിയത്. കുറഞ്ഞ മരണനിരക്കുകളും ഉയർന്ന ആയുർ ദൈർഘ്യവും എന്നതിനൊപ്പം ആരോഗ്യ ചെലവുകളും താരതമ്യേനെ കുറവായിരുന്നു ഇവിടെ.
ചികിത്സാചെലവും കുതിക്കുന്നു
നാഷണൽ ഹെൽത്ത് അക്കൗണ്ട്സ് റിപ്പോർട്ട് (2021-22) പ്രകാരം, ജനങ്ങളുടെ സ്വകാര്യ ആരോഗ്യ ചെലവ് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മൊത്തം ആരോഗ്യ ചെലവിന്റെ 60 ശതമാനവും ജനങ്ങൾ അവരുടെ സ്വന്തം പോക്കറ്റിൽ നിന്ന് തന്നെ ചെലവഴിക്കേണ്ട സാഹചര്യമാണ്. ആരോഗ്യത്തിന്റെ പൊതുവിഹിതം 32.5 ശതമാനം മാത്രമാണുള്ളത്. 2011 സെൻസസ് പ്രകാരം കേരളത്തിലെ വയോജന അനുപാതം ആകെ ജനസംഖ്യയുടെ 12.6 ശതമാനം ആയിരുന്നെങ്കിൽ ഇപ്പോഴത് 19 ശതമാനമായി, അഞ്ചിലൊന്ന്.
പത്തുവർഷം കൂടി കഴിയുമ്പോൾ കേരളത്തിലെ വയോജന അനുപാതം ആകെ ജനസംഖ്യയുടെ നാലിലൊന്നും 2051ൽ അത് മൂന്നിലൊന്നുമായി മാറും. നിലവിൽ വയോജനങ്ങളിലെ 35 ശതമാനം പേർക്ക് പ്രമേഹവും 53 ശതമാനം പേർക്ക് അമിത രക്തസമ്മർദവുമുണ്ട്. ഒരേസമയം മൂന്നിലധികം രോഗങ്ങളുള്ളവർ 20 ശതമാനമാണ്.
രോഗാതുരതയിലും ചികിത്സാചെലവിലും രാജ്യത്തെ ‘നമ്പർ വൺ’ സംസ്ഥാനമെന്ന പദവിയും കേരളത്തിന് സ്വന്തമാണ്. കേരളത്തിന്റെ ആരോഗ്യ മേഖലയിലേക്ക് ആഗോള കോർപറേറ്റുകൾ കൈകടത്തുകയാണ്. ചികിത്സക്ക് ആവശ്യമായ രോഗികളെ ലഭിക്കുന്നതും ആ രോഗികളുടെ കൈവശം സ്വന്തം ചികിത്സക്കായി ചെലവഴിക്കാൻ പണമുണ്ടായിരിക്കുന്നതും നിക്ഷേപം നടത്തുന്നവരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. രോഗാതുരത കുറക്കുകയും പൊതുആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയുമാണ് ഇത് മറികടക്കാനുള്ള പോംവഴി.