അച്ഛന്റെ സ്വപ്നങ്ങൾ എടുത്തുയർത്തി നീരജ്
text_fieldsഡി.എൻ. നീരജ് പിതാവ് എം. നിഖിലേഷിനും സഹോദരി നിഖിതക്കും ഒപ്പം
തിരുവനന്തപുരം: അച്ഛൻ പോകുന്ന വഴിയെ പോയാൽ മതി; അങ്ങനെ ഉറപ്പിച്ച് ഇറങ്ങിയതാണ് മകൻ നീരജ്. ഒടുവിൽ അച്ഛനെപോലെ സ്വർണം ഉയർത്തിയെടുത്തപ്പോൾ പാതിവഴിയിൽ പൊലിഞ്ഞ തന്റെ സ്വപ്നങ്ങൾ മക്കളിലൂടെ ചിറകടിച്ചുയരുന്നത് കണ്ട് ഹൃദയം നിറഞ്ഞുനിൽക്കുകയായിരുന്നു എം. നിഖിലേഷ്. സീനിയർ ആൺകുട്ടികളുടെ 83 കിലോഗ്രാം പവർ ലിഫ്റ്റിങ്ങിലാണ് അച്ഛന്റെ സ്വപ്നങ്ങൾ എടുത്തുയർത്തി തിരുവനന്തപുരത്തിന്റെ ഡി.എൻ. നീരജ് സ്വർണമണിഞ്ഞത്.
രണ്ട് പതിറ്റാണ്ട് മുമ്പ് ഓൾ ഇന്ത്യ യൂനിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിലും ജൂനിയർ നാഷനലിലും പവർലിഫ്റ്റിങ്ങിൽ ദേശീയ റെക്കോഡ് കുറിച്ചിടത്തുനിന്ന് ജീവിത പ്രാരബ്ധങ്ങൾ തോളിലേറ്റി വഴിമാറിയതാണ് നെടുമങ്ങാട് സ്വദേശിയായ എം. നിഖിലേഷ്. ജീവിതം പുതുവഴിയിൽ നീങ്ങവെ, മക്കളായ നിഖിതയും നീരജും അച്ഛനെപോലെ ഭാരമുയർത്താനുള്ള തീരുമാനം എടുത്തതാണ് വഴിത്തിരിവ്. അച്ഛൻ പരിശീലകനായതോടെ ഇന്ന് നിഖിത അന്താരാഷ്ട്രതലത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പവർലിഫ്റ്റിങ് താരമാണ്. ആ വഴിയിലാണ് നീരജും.
കഴിഞ്ഞവർഷം വെങ്കലത്തിൽ ഒതുങ്ങിയത് സ്വർണമാക്കുമെന്ന് ഉറപ്പിച്ച് നടത്തിയ പരിശ്രമമാണ് വിജയം കണ്ടത്. കടുത്ത മത്സരം നടന്ന വേദിയിൽ സ്ക്വാട്ടിലും ബെഞ്ച് പ്രസിലും ഡെഡ്ലിഫ്റ്റിലുമായി 542.5 കിലോഗ്രാം ഉയർത്തിയാണ് നീരജ് സ്വർണമണിഞ്ഞത്. നെടുമങ്ങാട് വേട്ടമ്പള്ളി കുണ്ടറ കുഴിയിൽ അമ്മവീട്ടിൽ നിഖിലേഷിനും ഭാര്യ ദിവ്യക്കും മകന്റെ ഈ സ്വർണം ഏറെ സ്പെഷലാണ്. ആനാട് എസ്.എൻ.വി.എച്ച്.എസ്. എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് നീരജ്.


