ഉത്സവത്തിനിടെ സംഘർഷം, എസ്.ഐക്ക് മർദനം: മൂന്നുപേർ റിമാൻഡിൽ
text_fieldsകിളിമാനൂർ: ഉത്സവപ്പറമ്പിൽ നാടൻപാട്ട് പരിപാടിക്കിടെ ഉണ്ടായ അടിപിടി തടഞ്ഞതിലുള്ള വൈരാഗ്യം നിമിത്തം പൊലീസ് സബ് ഇൻസ്പെക്ടറെ ആക്രമിച്ച കേസിൽ പൊലീസുകാരനടക്കം മൂന്നു പേർ റിമാൻഡിൽ. വെള്ളല്ലൂർ മൊട്ടലിൽ പനയറ വീട്ടിൽ ആരോമൽ (27), ഇയാളുടെ ജേഷ്ഠ സഹോദരൻ പള്ളിക്കൽ സ്റ്റേഷനിലെ പൊലിസുകാരൻ ചന്ദു (32), കല്ലമ്പലം പുതുശേരി മുക്ക് കകോട്ടമൂല ആദിത്യഭവനിൽ ആദിത്യൻ (21) എന്നിവരെയാണ് നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; വെള്ളല്ലൂർ ശിവൻമുക്ക് ശിവക്ഷേത്രത്തിലെ ഉത്സവ പരിപാടിയുടെ ഭാഗമായി വ്യാഴാഴ്ച രാത്രി 10.30 ന് നാടൻ പാട്ട് നടക്കുമ്പോൾ പ്രതികളും, മറ്റൊരു സംഘം യുവാക്കളും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഈ സമയം ഡ്യൂട്ടിയക്‍ലുണ്ടായിരുന്ന നഗരൂർ എസ്.എച്ച്.ഒ അൻസർ, സി.പി.ഒ നിജിമോൻ എന്നിവർ ചേർന്ന് അക്രമികളെ പിന്തിരിപ്പിച്ചു. സംഘർഷത്തെതുടർന്ന് പൊലീസ് പരിപാടി നിർത്തിവെപ്പിക്കുകയും ആൾക്കൂട്ടത്തെ പിരിച്ചുവിടുകയും ചെയ്തു.
എന്നാൽ പ്രതികളുടെ നേതൃത്വത്തിൽ വീണ്ടും സംഘർഷം ഉണ്ടായി. ഇത് തടയാൻ ശ്രമിച്ച എസ്.എച്ച്.ഒയെ പ്രതികൾ പിടിച്ചുതള്ളുകയും സമീപത്തെ ഓടയിലേക്ക് തള്ളിയിട്ട് പരിക്കേൽപ്പിക്കുകയും ചെയ്തു. യൂനിഫോമിന്റെ നെയിം പ്ലേറ്റ് വലിച്ച് പൊട്ടിച്ച് കൈയ്യേറ്റം ചെയ്യാനും ശ്രമിക്കുകയുമുണ്ടായി. തുടർന്ന് കൂടുതൽ പൊലിസ് സ്ഥലത്തെത്തി പ്രതികളെ പിടി കൂടി സ്റ്റേഷനിലെത്തിക്കുകയും ചെയ്തു.
പൊലിസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും, പൊതുസ്ഥലത്ത് അതിക്രമം നടത്തിയതിനും പ്രതികൾക്കെതിരെ കേസെടുത്തു. വൈദ്യ പരിശോധനക്കു ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


