സ്വകാര്യ ആശുപത്രിയിൽ കയറി ജീവനക്കാരെ മർദിച്ചതായി പരാതി
text_fieldsകിളിമാനൂർ: വയോധികയായ രോഗിയുമായെത്തിയ സംഘം സ്വകാര്യ ആശുപത്രിയിൽ അക്രമാന്തരീക്ഷം സൃഷ്ടിച്ചതായി പരാതി. സ്റ്റാഫ് നഴ്സിനെ തറയിൽ തള്ളിയിട്ട് അടിവയറ്റിൽ ചവിട്ടുകയും രക്ഷക്കെത്തിയ മറ്റൊരു ജീവനക്കാരിയെ മർദിക്കുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സ തേടിയ സ്റ്റാഫ് നഴ്സ് കിളിമാനൂർ പൊലീസിൽ പരാതി നൽകി.
പോങ്ങനാട് ടൗണിൽ പ്രവർത്തിക്കുന്ന കാരുണ്യ ആശുപത്രിയിൽ ശനിയാഴ്ച രാത്രി 10 ഓടെയാണ് സംഭവം. യൂറിനറി ഇൻെഫക്ഷൻ ബാധിച്ച മടവൂർ സ്വദേശിനിയായ വയോധികയുമായി വന്ന സംഘമാണ് അക്രമം കാട്ടിയത്. സംഘത്തിൽ സ്ത്രീകളടക്കം 30ഓളം പേർ ഉണ്ടായിരുന്നു. പരിശോധനസമയം മുഴുവൻപേരും ഡോക്ടറുടെ മുറിയിലേക്ക് തള്ളിക്കയറി. രണ്ടുപേരൊഴികെ മറ്റുള്ളവരോട് പുറത്തിറങ്ങി നിൽക്കാൻ ജീവനക്കാർ പറഞ്ഞു. ഇവരോട് തട്ടിക്കയറിയ സംഘം ശേഷം പുറത്തിറങ്ങി. പലരും മദ്യലഹരിയിലായിരുന്നു.
പരിശോധന ശേഷം പണം അടക്കാൻ ആവശ്യപ്പെട്ടപ്പോൾ ഗൂഗ്ൾ പേയാണ്, സ്കാനർ വേണമെന്നായി. സ്കാനർ ഇല്ലാത്തതിനാൽ ഡോക്ടറുടെ ജി.പി നമ്പർ കൊടുക്കാമെന്ന് പറഞ്ഞപ്പോൾ അസഭ്യം പറഞ്ഞുകൊണ്ട് സ്റ്റാഫ് നഴ്സിനെ തള്ളിയിട്ട് ചവിട്ടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെ മൊബൈൽ ഫോൺ എറിഞ്ഞ് നശിപ്പിക്കുകയും വാതിൽ തകർക്കുകയും ചെയ്തു. ആംബുലൻസ് ഡ്രൈവർ അമലിനെയും മർദിച്ചു. പരിക്കേറ്റ അമൽ കേശവപുരം ആശുപത്രിയിൽ ചികിത്സ നേടി. സാരമായി പരിക്കേറ്റ നഴ്സ് കേശവപുരം സി.എച്ച്.സിയിലും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപ ത്രിയിലും ചികിത്സ തേടി. കിളിമാനൂർ പൊലീസിൽ പരാതി നൽകി.