കോൺഗ്രസ് വിപ്പ് നൽകിയില്ല; ഒപ്പം നിന്നവർ അവസാന നിമിഷം ‘മറുകണ്ടം ചാടി’
text_fieldsകിളിമാനൂർ: നഗരൂർ പഞ്ചായത്തിൽ വൈസ് പ്രസിഡൻറിനെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽനിന്ന് മാറി നിൽക്കണമെന്ന പാർട്ടി തീരുമാനത്തിൽനിന്ന് രണ്ട് കോൺഗ്രസ് അംഗങ്ങൾ അവസാന നിമിഷം 'മറുകണ്ടം ചാടി'. കൂട്ടായെടുത്ത തീരുമാനത്തിൽ പാർട്ടി, അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നില്ല.
കോൺഗ്രസ് അംഗങ്ങളുടെ കൂടി പിന്തുണയോടെ അവിശ്വാസം പാസായി. രണ്ടംഗങ്ങൾ പാർട്ടി തീരുമാനം ലംഘിച്ച് അവിശ്വാസത്തിൽ ഒപ്പുെവച്ചതിനെ തുടർന്ന് രാജിക്കൊരുങ്ങിയ മറ്റ് കോൺഗ്രസ് അംഗങ്ങളെ പാർട്ടിനേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചതായി അറിയുന്നു. നഗരൂർ കോൺഗ്രസിൽ നിലനിൽക്കുന്ന 'ആഭ്യന്തര കലഹ'ങ്ങളാണ് ഇതിനുപിന്നിലെന്ന് പറയപ്പെടുന്നു.
സി.പി.എമ്മിന്റെ അവിശ്വാസത്തെ പിന്തുണക്കേണ്ടതില്ലെന്ന തീരുമാനമായിരുന്നു കോൺഗ്രസ് പ്രാദേശികനേതൃത്വത്തിന്റേത്. നിരവധി പ്രാവശ്യം കൂടിയ പാർലമെൻററി പാർട്ടി യോഗങ്ങളിൽ തീരുമാനം ചർച്ചയായി. ഓരോ യോഗത്തിലും പാർട്ടി തീരുമാനത്തെ ശക്തിയുക്തം അനുകൂലിച്ചത് സുരേഷ് കുമാറാണത്രെ.
പാർട്ടി തീരുമാനത്തോടൊപ്പം നിൽക്കുമെന്ന് അനശ്വരി അടക്കം മറ്റുള്ളവരും ഉറപ്പുപറഞ്ഞതായും അറിയുന്നു. പാർട്ടി വിപ്പ് നൽകാത്തതുകൊണ്ടുതന്നെ ഇവർക്ക് നിയമനടപടി നേരിടേണ്ടിവരില്ല. ഇരുവർക്കുമെതിരെ പാർട്ടി നടപടി എന്തെന്ന് ആരാഞ്ഞാണ് മറ്റ് നാല് കോൺഗ്രസ് അംഗങ്ങൾ രാജി ഭീഷണി മുഴക്കിയതെത്ര. എന്നാൽ നേതൃത്വം ഇവരുമായി ചർച്ച ചെയ്ത് അനുനയിപ്പിക്കുകയായിരുന്നു.