ഉപതെരഞ്ഞെടുപ്പുകളിലെ തുടർച്ചയായ പരാജയം; പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻറിനെ നീക്കും
text_fieldsrepresentational image
കിളിമാനൂർ: തുടർച്ചയായ രണ്ട് ഉപ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് ഭരിക്കുന്ന പഴയകുന്നുമ്മൽ പഞ്ചായത്തിൽ സി.പി.എം പരാജയപ്പെടാൻ കാരണം ഭരണസമിതിയുടെ പിടിപ്പുകേടാണെന്ന കണ്ടെത്തലിനെ തുടർന്ന് പ്രസിഡൻറിനെ തൽസ്ഥാനത്തുനിന്ന് നീക്കംചെയ്യും. പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻറ് കെ. രാജേന്ദ്രനെയാണ് നീക്കുന്നത്.
ഭരണസമിതിയുടെയും നേതൃത്വം നൽകുന്ന പ്രസിഡൻറിൻറെയും പിടിപ്പുകേട്, അഴിമതി, ഭരണസമിതിയുടെ കെടുകാര്യസ്ഥത, സ്വജനപക്ഷപാതം, ജനങ്ങളിൽ നിന്നുള്ള അകൽച്ച എന്നിവയാണ് പരാജയങ്ങൾക്ക് കാരണമായി ജില്ല നേതൃത്വം നിയോഗിച്ച അന്വേഷണ കമ്മിറ്റി കണ്ടെത്തിയ കാരണങ്ങൾ. മാത്രമല്ല, പാർട്ടി പ്രാദേശിക യോഗങ്ങളിലും ജില്ല കമ്മിറ്റി വിളിച്ചുചേർക്കുന്ന യോഗങ്ങളിലും രാജേന്ദ്രൻ തുടർച്ചയായി പങ്കെടുക്കാറില്ലത്രേ.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും എം.പിയുമായ എ.എ റഹിം, ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എസ്. സുനിൽകുമാർ, ഡി.കെ. മുരളി എം. എൽ.എ എന്നിവരെയാണ് ജില്ല നേതൃത്വം അന്വേഷണ കമ്മിറ്റിയായി നിയമിച്ചിരുന്നത്. ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൂടാതെ ഏരിയ കമ്മിറ്റി, പഴയകുന്നുമ്മൽ, അടയമൺ ലോക്കൽ കമ്മിറ്റി എന്നിവയിൽ ഉൾപ്പെട്ട ഏഴ് അംഗങ്ങ ളെയും ഏരിയ സെക്രട്ടറിയെയും പരസ്യമായി താക്കീതുചെയ്തിരുന്നു. ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് അഡ്ഹോക്ക് കമ്മിറ്റിയെ നിയമിക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് ഇത് താൽക്കാലികമായി നീട്ടിവെക്കുകയായിരുന്നു.
പഞ്ചായത്ത് ഭരണസമിതിയിലെ കോൺഗ്രസ് അംഗങ്ങൾക്കൊപ്പം ചേർന്ന് വിനോദയാത്ര പോകുകയും പാർട്ടി രഹസ്യങ്ങൾ ചോർത്തിക്കൊടുക്കുകയും ചെയ്തതായി ആരോപിച്ച് രണ്ട് യുവാക്കളായ പഞ്ചായത്തംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ നിർദേശമുണ്ടായതായും അറിയുന്നു.
ഇടതുപക്ഷത്തിന്റെ കോട്ടയായ പഴയകുന്നുമ്മേൽ പഞ്ചായത്തിൽ ഈ ഭരണ സമിതി നിലവിൽവന്ന ശേഷം നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും സി.പി.എം പരാജയപ്പെട്ടിരുന്നു. ഒന്ന് സിറ്റിങ് സീറ്റായിരുന്നു. മറ്റൊന്ന് കഴിഞ്ഞ തവണമാത്രം യു.ഡി.എഫിനൊപ്പം നിന്ന ഇടതുപക്ഷത്തിന് ഏറെ സ്വാധീനമുള്ള കാനാറ വാർഡുമാണ്. ഇതാണ് പാർട്ടി ജില്ല നേതൃത്വത്തെ ചൊടിപ്പിച്ചത്.
ഏരിയ കമ്മിറ്റി അംഗമായ രാജേന്ദ്രൻ മുമ്പ് ജില്ല കൗൺസിൽ, ജില്ല പഞ്ചായത്ത് എന്നിവയിൽ ഓരോ തവണയും, മൂന്ന് തവണ ഗ്രാമപഞ്ചായത്തിലും അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ തവണ വൈസ് പ്രസിഡന്ററായിരുന്ന രാജേന്ദ്രനെ പ്രസിഡന്റാക്കാൻ പാർട്ടി തീരുമാനിച്ചത്.
തിങ്കളാഴ്ച ചേരുന്ന ഏരിയ കമ്മിറ്റി യോഗത്തിൽ പ്രസിഡൻറിനെ നീക്കംചെയ്തുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായേക്കും. അതേസമയം, ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ രാജേന്ദ്രന് വിശ്രമം നൽകുന്നുവെന്നാണ് നേതൃമാറ്റം സംബന്ധിച്ച് പാർട്ടി പ്രാദേശിക നേതൃത്വം നൽകുന്ന വിശദീകരണം. അതേസമയം രാജേന്ദ്രനെ അനുനയിപ്പിക്കുകയാകും ഉചിതമെന്ന് പ്രാദേശിക നേതാക്കൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.