വയോധികന്റെ മരണം: കാറോടിച്ചത് പാറശാല എസ്.എച്ച്.ഒ തന്നെയെന്ന് സൂചന
text_fieldsപ്രതീകാത്മക ചിത്രം
കിളിമാനൂർ: കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപം വഴിയാത്രികന് കാറിടിച്ച് മരിച്ച സംഭവത്തിൽ വാഹനം ഓടിച്ചിരുന്നത് പാറശാല എസ്.എച്ച്.ഒ അനിൽ കുമാർ തന്നെയാണെന്ന് സൂചന.
കിളിമാനൂർ പൊലീസ് സി.സി. ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിന് കാരണമായതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തുടരന്വേഷണത്തിലാണ് അനിൽകുമാറിന്റെ സാന്നിധ്യവും തെളിഞ്ഞത്.
കിളിമാനൂർ ചേണിക്കുഴി മേലെവിള കുന്നിൽവീട്ടിൽ രാജൻ (59) ആണ് അപകടത്തിൽ മരിച്ചത്. ഇക്കഴിഞ്ഞ എട്ടിന് പുലർച്ചെയാണ് സംഭവം. രാജനെ ഇടിച്ചിട്ട വാഹനം നിർത്താതെ ഓടിച്ചുപോകുകയായിരുന്നു. വഴിയരികിൽ ഒരുമണിക്കൂറോളം രക്തം വാർന്ന് കിടന്നാണ് ഇദ്ദേഹം മരിച്ചത്. അനിൽ കുമാർ വിചാരിച്ചിരുന്നെങ്കിൽ ഒരു ജീവൻ രക്ഷപ്പെടുത്താൻ കഴിയുമായിരുന്നുവെന്ന് രാജന്റെ ബന്ധുക്കൾ ആരോപിച്ചു. ഇദ്ദേഹത്തിനെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.


