കിളിമാനൂർ കെ.എസ്.ആർ.ടി.സിക്ക് നിഷേധ നിലപാട്; രാത്രി യാത്രക്കാർ ദുരിതത്തിൽ
text_fieldsകിളിമാനൂര്‍: കിളിമാനൂരിൽ നിന്ന് യാത്രക്കാർ ഏറെയുള്ള മടവൂർ-പള്ളിക്കൽ ഭാഗത്തേക്ക് രാത്രി 7.50 കഴിഞ്ഞാൽ ബസില്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. നേരത്തെ രാത്രി ഒമ്പതിന് സ്റ്റേ സർവീസുണ്ടായിരുന്നെങ്കിലും ഡിപ്പോ അധികൃതർ ഏകപക്ഷീയമായി അവസാനിപ്പിച്ചു. ഹോട്ടൽ തൊഴിലാളികളും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിനോക്കുന്നവരുമടക്കം സാധാരണക്കാരാണ് രാത്രി ബസില്ലാത്തതിന്റെ ദുരിതം ഏറ്റുവാങ്ങുന്നത്. സ്വന്തമായി വാഹനം ഇല്ലാത്തവരും ദിവസവേതനക്കാരുമാണ് ഇതിലേറെയും.
വെഞ്ഞാറമൂട് മേൽപ്പാലം നിർമാണം ആരംഭിച്ചതോടെ തിരുവനന്തപുരത്ത് നിന്നുള്ള ബസുകൾ പലവഴിക്ക് കറങ്ങി കിളിമാനൂർ എത്തുമ്പോഴേക്കും 7.30നുള്ള അവസാന വണ്ടി പോയിട്ടുണ്ടാക്കും. 200 ഉം 300 രൂപ കൊടുത്ത് ഓട്ടോ പിടിക്കലേ പിന്നെ നിവർത്തിയുള്ളൂ. സ്റ്റേ സർവീസുകളോ അല്ലെങ്കിൽ രാത്രി ആശ്രയമാവുംവിധം കണക്ഷൻ സർവീസോ അനുവദിക്കണമെന്ന് ഏറെക്കാലമായി ആവശ്യമുയർന്നിട്ടും പരിഗണിക്കപ്പെട്ടിട്ടില്ല. രാത്രി 8.20, രാത്രി പത്ത് എന്നീ സമയങ്ങളില്‍ കിളിമാനൂരില്‍ നിന്ന് പള്ളിക്കല്‍, പകല്‍ക്കുറി പ്രദേശങ്ങളിലേക്ക് സ്റ്റേ സർവീസുണ്ടായിരുന്നു. പുലർച്ചെ അഞ്ചിന് പകൽക്കുറിയിൽ നിന്ന് കിളിമാനൂരിലേക്ക് പുറപ്പെടുന്ന ഈ ബസ് മെഡിക്കൽ കോള ജിലേക്കുള്ള രോഗികൾക്കടക്കം ഏറെ ആശ്വാസമായിരുന്നു. നിറയെ യാത്രക്കാരുമായാണ് ഇവ ഓടിയിരുന്നതും. എന്നാൽ സി.എം.ഡിയായിരുന്ന എം.ജി രാജമാണിക്യം ഡിപ്പോയില്‍ മിന്നല്‍ പരിശോധന നടത്തുകയും കളക്ഷന്‍ കുറവിന്റെ പേരില്‍ ഡിപ്പോ ആരംഭിച്ചപ്പോള്‍ മുതലുള്ള ഈ സര്‍വീസ് എന്നന്നേക്കുമായി നിര്‍ത്താന്‍ ഉത്തരവിടുകയും ചെയ്തതോടെയാണ് പ്രദേശവാസികളുടെ ദുർഗതിക്ക് തുടക്കമാവുന്നത്.
എന്നാൽ ആറ്റിങ്ങിൽ, വർക്കല എം.എൽ.എമാർ ഇടപെടയും വിഷയത്തിൽ ജനകീയ പ്രതിഷേധമുയരുകയും ചെയ്തതോടെ സമയം പുനക്രമീകരിച്ച് രാത്രി ഒമ്പതിന് കിളിമാനൂരിൽ നിന്ന് അവസാന വണ്ടിയായി പുറപ്പെടുംവിധം സർവീസ് പുനരാരംഭിച്ചു. സാമാന്യം മെച്ചപ്പെട്ട കളക്ഷൻ കിട്ടിത്തുടങ്ങിയ വേളയിലാണ് കോ വിഡെത്തുന്നതും ബസ് സർവീസുകളെല്ലാം നിലയ്ക്കുന്നതും. എന്നാൽ നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെ മറ്റ് സർവീസുകൾ സാധാരണ നിലയിലായിട്ടും പള്ളിക്കൽ-പകൽക്കുറി സ്റ്റേ സർവീസ് തന്ത്രപൂർവം അധികൃതർ അവസാനിപ്പിക്കുകയായിരുന്നു.
യാത്രക്ലേശം കൂടുതൽ രൂക്ഷമാവുകയും യാത്രക്കാർ രാത്രികാലങ്ങളിൽ വലിയ അനിശ്ചിതത്വം നേരിടുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തിൽ രാത്രി 8.30 ന് ശേഷം ഡിപ്പോയിൽ നിന്ന് പള്ളിക്കൽ ഭാഗത്തേക്ക് സർവിസ് പുനരാരംഭിക്കണ മെന്നാണ് പ്രദേശവാസികളുടെ ആവശ്യം. തിരുവനന്തപുരത്ത് നിന്ന് ചാത്തന്നൂരിലേക്കോ കൊല്ലത്തേക്കോ പോകുന്ന ബസിന്റെ അവസാന ട്രിപ്പ് എം.സി റോഡ് വഴിയാക്കുകയും കിളിമാനൂർ-പോങ്ങനാട്-പള്ളിക്കൽ പാരിപ്പള്ളി വഴിയാക്കിയാലും യാത്രാ ക്ലേശത്തിന് പരിഹാരമാകുമെന്ന മറ്റൊരു നിർദേശവുമുണ്ട്.


