വാഗ്ദാനം ജലരേഖയായി; ‘ലൈഫ് നഷ്ടപ്പെട്ട്' കിളിമാനൂർ ലൈഫ് പദ്ധതി
text_fieldsകിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ നിർമിക്കുന്ന ഫ്ലാറ്റ് പൂർത്തിയാകാത്ത നിലയിൽ
കിളിമാനൂർ: നിർമാണം ആരംഭിച്ച് ആറുവർഷം പിന്നിടുമ്പോഴും കിളിമാനൂർ ബ്ലോക്ക്പഞ്ചായത്തിലെ ലൈഫ് ഭവനസമുച്ചയം വാസയോഗ്യമായില്ല. വീടും ഭൂമിയും ഇല്ലാതെ കഷ്ടപ്പെടുന്ന സാധാരണക്കാരുടെയും പട്ടികജാതിക്കാരുടെയുമൊക്കെ വീടെന്ന സ്വപ്നമാണ് ഇതോടെ ത്രിശങ്കുവിലായിരിക്കുന്നത്. 'കരുതലിന്റെയും സ്നേഹത്തിന്റെയും പുത്തൻമാതൃക സൃഷ്ടിക്കാൻ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്' എന്ന് വിളംബരം ചെയ്ത് ആഘോഷപൂർവമാണ് തനത് ഫണ്ട് ഉപയോഗിച്ച് 51 കുടുംബങ്ങൾക്ക് ഒരു കുടക്കീഴിൽ വീടൊരുക്കുന്ന ഭവനപദ്ധതിക്ക് തുടക്കമിട്ടത്.
എട്ട് പഞ്ചായത്തിലെ ഭവനരഹിതരും ഭൂരഹിതരുമായ പട്ടികജാതിയിൽപെട്ട കുടുംബങ്ങൾക്കായിരുന്നു ഇതിലൂടെ പ്രയോജനം ലഭിക്കേണ്ടിയിരുന്നത്. വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി, വിനോദോപാധികൾ തുടങ്ങിയ സൗകര്യങ്ങളുള്ള മൂന്ന് ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഒന്ന് ഓണത്തിന് മുമ്പ് നിർമാണം പൂർത്തിയാക്കി ഭവനരഹിതർക്ക് കൈമാറുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ സമീപകാലത്തൊന്നും ഇത് യാഥാർ ഥ്യമാകുന്ന ലക്ഷണമെന്നില്ല.
പദ്ധതിക്കായി പഴയകുന്നുമ്മൽ പഞ്ചായത്തിലെ 80 സെന്റ് പുരയിടം ബ്ലോക്ക് പഞ്ചായത്ത് വാങ്ങിയിരുന്നു. 64 ലക്ഷമാണ് ഇതിനാനായി ചെലവിട്ടത്. ബ്ലോക്ക് പഞ്ചായ ത്തിന്റെ 2017-2018 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. 2018-2019 വാർഷികപദ്ധതിയിൽ ഭവനസമുച്ചയത്തിന്റെ ആരംഭത്തിനും ചുറ്റുമതിലിനുമായി 74 ലക്ഷവും അനുവദിച്ചു. തുടർപ്രവർത്തനത്തിന് ബ്ലോക്കിന്റെ തനത് ഫണ്ടും ചെലവഴിച്ചു.
ജൈവ ചുറ്റുമതിൽ, സൗരോർജം, സ്വിമ്മിങ് പൂൾ, അംഗൻവാടി, വിനോദത്തിനും വിജ്ഞാനത്തിനുമായി മിനി ചിൽഡ്രസ് പാർക്ക്, കിൻറർ ഗാർട്ടൻ ഇതെല്ലാം ഉൾപ്പെ ട്ടതാണ് ഫ്ലാറ്റ് സമുച്ചയം. ഒരു കുടുംബത്തിന് കണക്കാക്കുന്ന തുക 12 ലക്ഷവും ആകെ നിർമാണത്തുക 6.12 കോടിയുമാണ്. മൂന്ന് ഫ്ലാറ്റ് സമുച്ചയത്തിൽ ഒന്നിന്റെ നിർമാണം മാത്രമാണ് ഏറക്കുറെയെങ്കിലും പൂർത്തിയായത്. വാടകവീടുകളിലും തകർന്നുവീഴാറായ കുടിലുകളിമൊക്കെ അന്തിയുറങ്ങുന്നവരാണ് ഗുണഭോക്താക്കളിലേറെയും.