കോടതി വിധി നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു
text_fieldsകോടതിവിധി നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥരെ കെ.എസ്.ടി.പി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തടയുന്നു
കിളിമാനൂർ: സ്വകാര്യ വ്യക്തിക്ക് അനുകൂലമായ കോടതിവിധി നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥരെ വീണ്ടും തടഞ്ഞ് കെ.എസ്.ടി.പി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും. ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകണമെന്ന് കോടതി നിർദേശിച്ച പൊലീസ് കാഴ്ചക്കാരായി നോക്കി നിന്നു. പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥർ മടങ്ങി.സംസ്ഥാന പാതയിൽ കിളിമാനൂർ കവലക്ക് സമീപം വലിയ പാലത്തിനടുത്താണ് സംഭവം. കെ.എസ്.ടി.പി റോഡിനോട് ചേർന്നുള്ള കിഴക്കേടത്ത് കുടുംബമാണ് വാദിഭാഗം.
2013 ലാണ് കെ.എസ്.ടി.പി സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി കിളിമാനൂർ പൊലീസ് സ്റ്റേഷൻ കവല മുതൽ മുക്കുറോഡ് വരെയുള്ള ഭാഗം അക്വയർ ചെയ്യുകയും വലിയ പാല മടക്കം നിർമിക്കുകയും ചെയ്തത്. പാലത്തിന് സമീപമുള്ള ഭാഗം അന്ന് കിഴക്കേടത്ത് കുടുംബത്തിൽ നിന്നും പണം നൽകി ഏറ്റെടുത്തതായി കെ.എസ്.ടി.പി അധികൃതർ പറയുന്നു. എന്നാൽ കുടുംബം കോടതിയെ സമീപിച്ചു. കെ.എസ്.ടി.പി ബന്ധപ്പെട്ട രേഖകൾ യഥാസമയം കോടതിയിൽ ഹാജരാക്കാത്തതോടെ കുടുംബത്തിന് അനുകൂലമായ വിധി ഉണ്ടാവുകയായിരുന്നത്രേ. ഇതിനിടയിൽ കെ.എസ്.ടി.പി വസ്തു അളന്ന് അതിർത്തി മതിൽ സ്ഥാപിക്കുകകയും ചെയ്തു.
സ്വകാര്യ വ്യക്തിക്ക് അനുകൂല വിധിക്ക് മുമ്പ് പലയാവർത്തി കോടതി ഹിയറിംഗിന് വിളിച്ചെങ്കിലും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ ഹാജരായില്ല. കോടതി വിധിയെ തുടർന്ന് ആറുമാസം മുമ്പ് വാദിഭാഗത്തിന് വസ്തു അളന്ന് നൽകാനെത്തിയ ഉദ്യോഗസ്ഥരെ പഞ്ചായത്ത് ഭരണസമിതിയും, കെ.എസ്.ടി.പി ഉദ്യോഗസ്ഥരും തടഞ്ഞു. അന്ന് കോടതി ഉദ്യോഗസ്ഥർ കിളിമാനൂർ പൊലീസിന്റെ സഹായം തേടിയെങ്കിലും കോടതിയുടെ അറിയിപ്പില്ലാത്തതിനാൽ എത്താൻ കഴിയില്ലെന്ന് പറഞ്ഞൊഴിഞ്ഞു. വിധി നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകണമെന്ന ഉത്തരവോടെയാണ് തിങ്കളാഴ്ച വീണ്ടും ഉദ്യോഗസ്ഥർ എത്തിയത്.
പൊലീസ് സംരക്ഷണയിൽ ഭൂമി തിരിച്ചു പിടിച്ച് മതിൽ കെട്ടാൻ തുടങ്ങവേ വീണ്ടും കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജീ നിയറും, പഞ്ചായത്തംഗങ്ങളും പണി തടസപ്പെടുത്തി. സംരക്ഷണം നൽകേണ്ട പൊലീസ് വെറും കാഴ്ചക്കാരായി നോക്കിനിന്നു. നാല് ദിവസം മുന്നേ പ്രതിഭാഗം ജി.പിയെ വിവരം അറിയിച്ചിരുന്നതായും, ശനിയാഴ്ച നിർമാണ പ്രവർത്തം തടസപ്പെടുത്തിയവരുടെ പേര് സഹിതം കോടതിക്ക് റിപ്പോർട്ട് നൽകുമെന്നും കോടതി നിയോഗിച്ച അഡ്വ. കമീഷണർ ഗ്രീഷ്മ ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
അതേസമയം, കെ.എസ്.ടി.പി റോഡിനോടു ചേർന്നുള്ള ഭാഗം തങ്ങളുടേതാണെന്നും അതിന്റെ രേഖകൾ കൈവശമുണ്ടെന്നും കെ. എസ്.ടി.പി എക്സിക്യൂട്ടിവ് എൻജീനീയർ പ്രതികരിച്ചു. നിലവിലെ സ്ഥലം കെ.എസ്.ടി.പി റോഡ് പുറമ്പോക്കാണെന്നും അത് അങ്ങനെ തന്നെ നിലനിർത്തണമെന്നും കോടതി കാര്യങ്ങളിൽ കെ.എസ്.ടി.പി കാര്യക്ഷമമായി ഇടപെടണമെന്നും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.