തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ചെളിക്കളമായി പോങ്ങനാട് ഗ്രൗണ്ട്
text_fieldsപോങ്ങനാട് ഗ്രൗണ്ട്
കിളിമാനൂർ: തെരഞ്ഞെടുപ്പ് വാഗ്ദാന ലംഘനങ്ങൾ തുടർക്കഥയാകുമ്പോൾ യുവാക്കളുടെ കായികസ്വപ്നങ്ങൾ തകർന്നടിയുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പു കാലത്ത് യുവാക്കൾക്ക് നൽകിയ വാഗ്ദാനം നാല് വർഷത്തിനിപ്പുറവും വാഗ്ദാനമായിതന്നെ തുടരുന്നു. വരുന്ന തെരഞ്ഞെടുപ്പിലെ ‘തുറുപ്പുചീട്ടും’ ഇതാകാം. പോങ്ങനാട് കള്ളിക്കാട് ഏലായുടെ തലക്കുളമായിരുന്ന വാഴോറചിറ മൂന്നര പതിറ്റാണ്ട് മുമ്പ് നികത്തിയാണ് കിളിമാനൂർ പഞ്ചായത്തിലെ പോങ്ങനാട് കവലയിൽ പഞ്ചായത്ത് ഗ്രൗണ്ട് നിർമിച്ചത്. കവലയോട് ചേർന്നാണ് ഗ്രൗണ്ട്.
കാലാകാലങ്ങളായി നവീകരണത്തിന് ഫണ്ടനുവദിച്ചതായി പ്രഖ്യാപനം വന്നെങ്കിലും ഒന്നും യാഥാർഥ്യമായില്ല. ജില്ല പഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ വശങ്ങളിൽ സംരക്ഷണഭിത്തി കെട്ടിയതാണ് ഒടുവിൽ നടന്ന നവീകരണം. ഇതിനൊപ്പം നിർമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഗ്യാലറി, നടപ്പാത എന്നിവയെല്ലാം പ്രഖ്യാപനങ്ങൾ മാത്രമായി.
ഒരു വേനൽമഴ പെയ്യുന്നതോടെ സ്റ്റേഡിയം നിറയെ വെള്ളക്കെട്ടാവും. പ്രദേശത്തെ ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ പ്രേമികളായ യുവാക്കൾ അന്ന് കളിച്ചുവളർന്നത് ഇവിടെയാണ്. വേനലിലെ ഏതാനും മാസങ്ങൾ മാത്രമാണ് കളിക്കളം ഉപയോഗിക്കാൻ കഴിയുക. മഴ പെയ്യുന്ന സമയങ്ങളിലെല്ലാം വെള്ളക്കെട്ടും നല്ല മഴക്കാലമാവുമ്പോൾ ചെളിയും. പഞ്ചായത്തിലെ വിവിധയിടങ്ങളിലെ നിർമാണങ്ങൾക്ക് നീക്കം ചെയ്യുന്ന മണ്ണ് കൊണ്ടിട്ടാണ് പ്രതലം ഉയർത്തിയത്. ഇത് ശരിയായി നിരപ്പാക്കാത്തതിനാൽ കുണ്ടും കുഴികളുമാണ്.
പോങ്ങനാട് ഗവ. യു.പി സ്കൂളിനെ ഹൈസ്ക്കൂളാക്കി ഉയർത്തിയപ്പോൾ കുട്ടികൾക്ക് മതിയായ സൗകര്യങ്ങളുള്ള കളിസ്ഥലമായി ഈ സ്റ്റേഡിയമാണ് നിർദ്ദേ ശിക്കപ്പെട്ടിരുന്നത്.
സ്ക്കൂൾ പ്രവർത്തനമാരംഭിച്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും കളിസ്ഥലം മാത്രം നവീകരി ക്കപ്പെട്ടില്ല. സ്ക്കൂളിൽ കവാടം, കളിസ്ഥലം ഉൾപ്പടെ നിർമിക്കാൻ ജില്ല പഞ്ചായത്ത് ഫണ്ട് അനുവദിച്ചതിൽ കുറച്ച് തുക ചെലവിട്ട് വശങ്ങളിൽ സംരക്ഷണ ഭിത്തി നിർമിച്ചു. നിർമാണം പൂർത്തീകരിക്കാൻ തുക പര്യാപ്തമല്ലാത്തതിനാൽ ബാക്കി തുക സ്കൂളിനാണ് ചെലവിട്ടത്.
ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉപയോഗിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനോ, സ്റ്റേഡിയമെന്ന നിലയിൽ മതിയായ സൗകര്യങ്ങളൊരുക്കി നവീകരിക്കാനോ നടപടിയുണ്ടായില്ല. ബ്ലോക്ക് പഞ്ചായത്ത് നവീകരണത്തിന് ഫണ്ടനുവദിച്ച് ടെൻഡർ ക്ഷണിച്ചെങ്കിലും കരാറെടുക്കാൻ ആരുമുണ്ടായില്ല. സ്റ്റേഡിയം നവീകരിക്കാൻ പര്യാപ്തമായ തുക ഇനി ആര് അനുവദിച്ച് നൽകുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.