പോങ്ങനാട് നീന്തൽ പരിശീലനകേന്ദ്രം; ഒരുകോടിയും പരിശീലനവും ‘കുളമാക്കി’
text_fieldsപോങ്ങനാട് വെണ്ണിച്ചിറ നീന്തൽക്കുളം
കിളിമാനൂർ: പോങ്ങനാട് വെണ്ണിച്ചിറ നീന്തൽക്കുളം ആധുനിക സൗകര്യങ്ങളൊരുക്കി നവീകരിക്കാനുള്ള അധികൃതരുടെ ആരംഭശൂരത്വത്തിൽ നഷ്ടമായത് ഒട്ടേറെ പേരുടെ പരിശീലനാവസരവും, ഒരു കോടി രൂപയും.
1400ൽപരം കുട്ടികൾ നീന്തൽ പരിശീലിച്ചതാണ് കിളിമാനൂർ പഞ്ചായത്തിലെ വെണ്ണിച്ചിറയിലെ കുളം. ആറ് വർഷം മുമ്പ് ആധുനിക രീതിയിൽ നവീകരണം തുടങ്ങിയതോടെ പരിശീലനം മുടങ്ങി. നിർമാണ വേളയിലുണ്ടായ അവശിഷ്ടങ്ങൾ വീണ് കുളം വൃത്തിഹീനമായി. കുളത്തിൽ പായലും മാലിന്യവും നിറഞ്ഞതോടെ ഉപ യോഗശൂന്യമായി.
2019ൽ ജില്ല പഞ്ചായത്താണ് നവീകരണത്തിനായി 2.5 കോടി രൂപ ചെലവ് വരുന്ന പദ്ധതി തയാറാക്കിയത്. ജില്ല പഞ്ചായത്ത് നാവായിക്കുളം ഡിവിഷനിൽ ഉൾപ്പെടുന്നതാണ് വെണ്ണിച്ചിറ. നീന്തൽക്കുളം, ജലസംഭരണ ഏരിയ, പരിശീലന വസ്തുക്കൾ സൂക്ഷിക്കുന്നതിനും ഡ്രസിങിനുമുള്ള ഏരിയ, നടപ്പാത എന്നിവ ഒരുക്കാനായിരുന്നു പദ്ധതി.
ആദ്യഘട്ടമായി ഒരു കോടി അനുവദിച്ച് കരാർ നൽകി. നാലുവർഷം ഇഴഞ്ഞു നീങ്ങിയ നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായപ്പോഴേക്കും പദ്ധതി എങ്ങുമെത്തിയില്ല. വ്യക്തമായ ആസൂത്രണവും മുന്നൊരുക്കവുമില്ലാതെയാണ് നിർമാണം തുടങ്ങിയതെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു.
നിർമാണത്തിന് തുടർ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കിളിമാനൂർ പഞ്ചായത്തും, പരിശീലനം സംഘടിപ്പിച്ചിരുന്ന ഷാർക് അക്വാട്ടിക് ക്ലബും അധികൃതർക്ക് നിരവധി നിവേദനങ്ങൾ നൽകി. എന്നാൽ പദ്ധതി ആസൂത്രണത്തിൽ ഉൾപ്പെടുത്തുക പോലുമുണ്ടായില്ല.
ഒന്നര ഏക്കറിലധികം വിസ്തൃതിയുള്ളതാണ് വെണ്ണിച്ചിറക്കുളം. റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാക്കും, കിളിമാനൂർ ഗ്രാമപഞ്ചായത്തും ചേർന്ന് 2015ലാണ് നീന്തൽ പരിശീലനത്തിന് തുടക്കം കുറിച്ചത്.
പരിശീലനം നേടിയ കുട്ടികൾ സംസ്ഥാനതല മത്സരങ്ങളിൽ വരെ പങ്കെടുക്കുകയും, ചിലർക്ക് ജോലി നേടുന്നതിനും വരെ പ്രയോജനപ്പെട്ടിരുന്നു. നിരവധി നിവേദനങ്ങൾ നൽകിയിട്ടും പരിഗണിക്കുന്നില്ലെന്ന് ഷാർക്ക് അക്വാട്ടിക് ക്ലബ് സ്ഥാപകരിൽ പ്രധാനിയായ ബേബി ഹരീന്ദ്രദാസ് പറഞ്ഞു.