ഇന്ന് വായനാദിനം; പുസ്തകാലംകൃതം ഈ വഴിയോര കാത്തിരിപ്പുകേന്ദ്രം
text_fieldsതോപ്പിൽ-പുളിമ്പള്ളികോണം ഇടറോഡിലെ വിശ്രമ കേന്ദ്രം
കിളിമാനൂര്‍: ഖസാക്കിന്റെ ഇതിഹാസത്തിലെ രവിയും അപ്പുക്കിളിയും മൈമുനയും, രണ്ടാമൂഴത്തിലെ ഭീമൻ, രണ്ടിടങ്ങഴിയിലെ കോരനും ചിരുതയും, ബഷീറും പാത്തുമ്മയുടെ ആടും, ആടുജീവിതത്തിലെ നജീബും, മഞ്ഞിലെ വിമലയുമൊക്കെ ഈ കുഞ്ഞ് വഴിയോര വിശ്രമകേന്ദ്രത്തിൽ വഴിയാത്രികരെയും കാത്തിരിക്കുകയാണ്, അവരുടെ ജീവിതകഥ പറയാൻ.
നാലോ അഞ്ചോ പേർക്കുമാത്രം ഇരിക്കാവുന്ന ഒരു കുഞ്ഞിടത്തെ എങ്ങനെ അക്ഷരനഗരിയാക്കാമെന്ന് കാട്ടിത്തരുകയാണ് നാട്ടിൻപുറത്തെ കുറേ അക്ഷര സ്നേഹികളായ ചെറുപ്പക്കാർ. വരാന്‍ ബസുകളൊന്നുമില്ലെങ്കിലും ഇവിടെയൊരു ബസ് കാത്തിരുപ്പു കേന്ദ്രമുണ്ട്. ചുറ്റിനും ചെടിച്ചട്ടികളിൽ തളിർത്തുനിൽക്കുന്ന ചെടികൾ, അകം നിറയെ പുസ്തകങ്ങൾ നിരന്ന കണ്ണാടിഷെൽഫ്, ഇരിക്കാനിടം, കുടിക്കാൻ മൺകൂജയിൽ വെള്ളം, അരികിൽ ക്ലോക്കും, പക്ഷിക്കൂടും.. ആകെക്കൂടെ ഒരു പുസ്തക പൂന്തോട്ടം. തോപ്പിൽ - പുളിമ്പള്ളികോണം ഇടറോഡി ലാണ് ഈ വിശ്രമ കേന്ദ്രം.
കിളിമാനൂർ മുളയ്ക്കലത്തുകാവ് തോപ്പിൽ ‘വിസ്മയ’എന്ന യുവജനക്കൂട്ടായ്മയാണ് തങ്ങളുടെ കുഞ്ഞ് കവലയിൽ അവർ തന്നെ നിർമിച്ച കാത്തിരുപ്പു കേന്ദ്രത്തെ ഒരു വായനശാലയാക്കി മാറ്റിയത്. ഇതിന് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.ടിയുടെ ഓർമ്മക്കായി എം.ടി സ്മാരക കാത്തിരിപ്പുകേന്ദ്രമെന്ന് പേരും നൽകി.വഴിപോക്കർക്ക് അല്പനേരം വെറുതെയിരിക്കാനും, എന്നാൽ കാര്യഗൗരവമുള്ള വായനയ്ക്കുമായിട്ടാണ് വിശ്രമകേന്ദ്രത്തെ വായനശാലയാക്കിയതെന്ന് രക്ഷാ ധികാരി എം. അജയകുമാര്‍ പറയുന്നു.
കേന്ദ്രത്തിന് മുന്നിലൂടെ ബസ് സർവീസുകൾ ഒന്നുമില്ല. ഒന്നര വർഷം മുമ്പ് വിശ്രമകേന്ദ്രം നിർമിച്ചു. പിന്നീടാണ് ഇവിടെ ഒരു വായനശാലയെന്ന ആശയം രൂപപ്പെട്ടത്. പലയിടങ്ങളിൽ നിന്ന് സംഘടിപ്പിച്ചും, കൂട്ടായ്മ വിഹിതമെടുത്ത് വാങ്ങിയും അറുനൂറോളം പുസ്തകങ്ങൾ സംഘടിപ്പിച്ചു. പൊതുവായനക്ക് മാസികകളുമുണ്ട്. ആവശ്യക്കാർക്ക് പുസ്തകങ്ങൾ കൊണ്ടുപോയി വായിക്കാനും നൽകുന്നുണ്ട്. ഗ്രന്ഥശാലയുടെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണന് കുന്നുംപുറം നിര്‍വഹിച്ചു.