വികസനത്തിന് വഴിമാറുമോ : ഓർമകൾക്ക് തണലായ വഴിയമ്പലം
text_fieldsആനകുന്നത്തെ വഴിയമ്പലം
കിളിമാനൂർ: പഴമയുടെ ശേഷിപ്പായി നിലനിൽക്കുന്ന വഴിയമ്പലം നാടിന്റെ വികസനത്തിൽ വഴിമാറുമോ? പള്ളിക്കൽ ആനകുന്നം നിവാസികളെ ആഴ്ചകളായി അലട്ടുന്ന ചോദ്യമാണിത്. പോങ്ങനാട്- പള്ളിക്കൽ റോഡിൽ ആനകുന്നം ജങ്ഷനിലാണ് ഈ വഴിയമ്പലം. പുറത്തുള്ളവർക്ക് ഓല മേഞ്ഞൊരു ചെറുപുരയെങ്കിലും ആനകുന്നത്തുകാരുടെ ചരിത്രമാണ് വഴിയമ്പലത്തിന് പറയാനുള്ളത്. കാർഷിക സംസ്കാരത്തിന്റെ ഭാഗമായി നാട്ടിൻപുറങ്ങളിൽ വഴിയമ്പലങ്ങളും ഇതിനോട് ചേർന്ന് ചുമടുതാങ്ങികളും കിണറും നിർമിച്ചിരുന്നു. ചന്തകളിലേക്ക് തലയിൽ ചുമടുമായി പോകുന്നവർക്ക് പരസഹായമില്ലാതെ ചുമടുതാങ്ങിയിൽ ഇറക്കിവെക്കാം. കിണറ്റിൽനിന്ന് വെള്ളവും കോരിക്കുടിച്ച് വഴിയമ്പലത്തിൽ വിശ്രമിച്ചശേഷം മടങ്ങാനാണ് ഇവ നിർമിച്ചത്. പള്ളിക്കൽ, കടയ്ക്കൽ ചന്തകളാണ് അക്കാലത്തെ പ്രധാന മലഞ്ചരക്ക് വ്യാപാരകേന്ദ്രങ്ങൾ.
കിളിമാനൂർ, പള്ളിക്കൽ മേഖലകളിൽ നിരവധി വഴിയമ്പലങ്ങളും ചുമടുതാങ്ങികളുമുണ്ടായിരുന്നെങ്കിലും റോഡ് വികസനത്തിനായി എല്ലാം നശിപ്പിക്കപ്പെട്ടു. പള്ളിക്കൽ ടൗണിൽ പൊലീസ് സ്റ്റേഷനോട് ചേർന്നും കിളിമാനൂർ പുതിയകാവ് ക്ഷേത്രത്തിന് സമീപത്തും ആറ്റിങ്ങൽ - കിളിമാനൂർ റോഡിൽ രാലൂർക്കാവ് കവല, നഗരൂർ ജങ്ഷൻ എന്നിവിടങ്ങളിലുമൊക്കെയുള്ള ചുമടുതാങ്ങികൾ റോഡ് വികസനത്തിന് വർഷങ്ങൾക്കുമുമ്പേ നീക്കം ചെയ്തു. അപ്പോഴും നൂറ് വർഷത്തിലേറെ പഴക്കമുള്ള ആനകുന്നത്തെ വഴിയമ്പലം തലയെടുപ്പോടെനിന്നു. എന്നാൽ, ചുമടുതാങ്ങിയും കിണറും നശിച്ചു. ആനകുന്നം ഏറത്ത് കുടുംബത്തിന്റെ പുരയിടത്തിൽ ചെറിയ റോഡിനോട് ചേർന്നാണ് വഴിയമ്പലവും അനുബന്ധ സംവിധാനങ്ങളുമൊരുക്കിയിരുന്നത്. പാറകെട്ടിയുയർത്തി മുകളിൽ പലക നിരത്തിയ ഇരിപ്പിടവും ഒറ്റ ഉത്തരത്തിൽ കഴുക്കോലുകൾ കോർത്ത് ഓടുമേഞ്ഞുമാണ് വഴിയമ്പലം നിർമിച്ചത്.
കെട്ടിടത്തിന്റെ ഉത്തരത്തിൽ പഴയ ലിപിയിൽ എഴുത്തുമുണ്ട്. നാല് പതിറ്റാണ്ട് മുമ്പ് വഴിയമ്പലത്തിന്റെ പരിപാലനം കുടുംബം നാട്ടുകാർക്ക് കൈമാറി. ഓടുമേഞ്ഞ മേൽക്കൂര പിന്നീട് ഓലയിലേക്ക് മാറി. പൊളിഞ്ഞ ഇരിപ്പിടത്തിലെ പലകകൾ മാറ്റി നാട്ടുകാർ കാത്തുസൂക്ഷിച്ച് പോരുന്നു. ഇന്ന് കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം കൂടിയാണിവിടം. കൊല്ലം ജില്ലയിലെ കടമ്പാട്ടുകോണത്തുനിന്ന് ആരംഭിച്ച് ചെങ്കോട്ടയിലേക്ക് പോകുന്ന ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമാണത്തിൽ ഈ സ്മാരകം ‘രക്തസാക്ഷി’യാകേണ്ടി വരുമെന്നാണ് നിലവിലെ സർവേ സൂചിപ്പിക്കുന്നത്. നാടിന്റെ ചരിത്രസ്മാരകത്തെ നിലനിർത്താനായില്ലെങ്കിൽ അനുയോജ്യമായ മറ്റൊരിടത്തേക്ക് പുനഃസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.