ചെറുമത്സ്യബന്ധനം; ഒരു ബോട്ടുകൂടി പിടികൂടി 3.22 ലക്ഷം പിഴയിട്ടു
text_fieldsഫിഷറീസ് വകുപ്പ് - മറൈൻ എൻഫോഴ്സ്മെന്റ് നടത്തിയ
പരിശോധനയിൽ പിടിച്ചെടുത്ത ബോട്ട്
വൈപ്പിൻ: ചെറുമത്സ്യബന്ധനത്തിന് എതിരെ ഫിഷറീസ് വകുപ്പ് നടപടി തുടരുന്നു. ചെറുമത്സ്യബന്ധനം നടത്തിയ ഒരു ബോട്ടുകൂടി പിടികൂടി.
മുനമ്പം കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന മണിമുത്ത് എന്ന ബോട്ടാണ് ചെറുമത്സ്യങ്ങൾ സഹിതം പിടിയിലായത്. ചെറിയ മത്സ്യങ്ങൾ ശ്രദ്ധയിൽപെടാതിരിക്കുന്നതിന് വലിയ മത്സ്യങ്ങൾ മുകളിൽ നിരത്തിയാണ് സ്റ്റോറേജിൽ സൂക്ഷിച്ചിരുന്നത്.
ചെറുമീൻ മത്സ്യബന്ധനം നടത്തുന്നത് തടയാൻ ഫിഷറീസ് വകുപ്പ് ഹാർബറുകളിൽ പരിശോധന കർശനമാക്കിയതോടെ ഹാർബറിൽ ഇറക്കാതെ ഐസ് പ്ലാന്റുകളിൽ ചെറുമത്സ്യം ഇറക്കാൻ തുടങ്ങിയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഫിഷറീസ് വകുപ്പ്-മറൈൻ എൻഫോഴ്സ്മെന്റ് മുനമ്പം മേഖലയിലെ ഐസ് പ്ലാൻറുകൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കുകയായിരുന്നു. 2.5 ലക്ഷം രൂപ പിഴയും 72,195 രൂപ മത്സ്യലേലം ചെയ്ത തുകയും അടക്കം 3,22,195 രൂപ അടപ്പിച്ചു. പിടിച്ചെടുത്ത ചെറുമത്സ്യം കടലിൽ നിക്ഷേപിച്ചു.
സർക്കാർ ഉത്തരവ് പ്രകാരം വേണ്ട മിനിമം ലീഗൽ സൈസ് ഇല്ലാത്ത 6000 കിലോ ചെറുമീനുകളാണ് ബോട്ടിൽനിന്ന് കണ്ടെടുത്തത്.
വൈപ്പിൻ ഫിഷറീസ് അസി. ഡയറക്ടർ പി. അനീഷ്, ഫിഷറീസ് ഓഫിസർ തസ്നീം തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് ബോട്ട് കസ്റ്റഡിയിൽ എടുത്തത്.