എക്സൈസ് ഉദ്യോഗസ്ഥനെതിരെ ആക്രമണം: പ്രതികൾ പിടിയിൽ
text_fieldsശംഭു, അനീഷ് കുമാർ
കോവളം: പരിശോധനക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ ബിയർകുപ്പി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച പ്രതികളെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു. പുഞ്ചക്കരി മുട്ടളക്കുഴി ലക്ഷംവീട് കോളനിയിൽ ശംഭു (33), മുട്ടളക്കുഴി വെട്ടുവിള മേലെ പുത്തൻവീട്ടിൽ അനീഷ് കുമാർ (30) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം മുട്ടളക്കുഴി ഭാഗത്ത് കഞ്ചാവ് വിൽപന ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരിലൊരാളായ ഇൽത്താഫ് മുഹമ്മദ് വഴിയരികിൽ നിൽക്കുകയായിരുന്ന ശംഭുവിനെ ചോദ്യം ചെയ്യുന്നതിനിടയിൽ അനീഷ്കുമാർ ബിയർ കുപ്പി പൊട്ടിച്ച് കൈയിൽ കുത്തുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ തിരുവല്ലത്തുനിന്ന് കൂടുതൽ പൊലിസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിരുവല്ലം സ്റ്റേഷൻ ഹൗസ് ഓഫിസർ ഫയസ്, എസ്.ഐമാരായ ജി. ഗോപകുമാർ, ഉണ്ണിക്കൃഷ്ണൻ, ഷിബു, രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.