വാഴമുട്ടത്ത് ചകിരി ഫാക്ടറിയിൽ വൻ തീപിടിത്തം
text_fieldsവാഴമുട്ടത്തെ ചകിരി ഫാക്ടറിയിലുണ്ടായ തീപിടിത്തം അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാസേന
കോവളം: വാഴമുട്ടത്ത് ചകിരി ഫാക്ടറിയിൽ വൻ തീപിടിത്തം, ഉപകരണങ്ങളും ചകരിയും നശിച്ചു. ഒരുകോടിയോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.
വാഴമുട്ടം കുഴിവിളാകത്തെ ഡിഫൈബറിങ് യൂനിറ്റാണ് കത്തി നശിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നോടെയാണ് സംഭവം. തീ ആളിപ്പടരുന്നത് കണ്ട നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. വിഴിഞ്ഞം ഫയർ സ്റ്റേഷൻ ഓഫിസർ ടി.കെ. അജയുടെ നേതൃത്വത്തിൽ രണ്ട് അഗ്നിരക്ഷാ യൂനിറ്റുകളെത്തി മൂന്നുമണിക്കൂർ പരിശ്രമിച്ചാണ് തീ കെടുത്തിയത്.
യൂനിറ്റിലെ തൊണ്ടുതല്ലുന്ന മൂന്ന് മെഷീനുകൾ, കൺവെയർ ബെൽറ്റ്, മോട്ടോറുകൾ, ബണ്ടിൽ കണക്കിന് സൂക്ഷിച്ചിരുന്ന ചകരി ഉൾപ്പെടെ നശിച്ചു. ഫാക്ടറി കോവളം ടി.എസ് കനാലിന് സമീപത്തായിരുന്നതിനാൽ പമ്പുപയോഗിച്ച് കനാലിൽനിന്ന് വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. സാമൂഹിക വിരുദ്ധർ തീ ഇട്ടതാണോ അതോ ഷോർട്ട് സർക്യൂട്ടാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏതാനും നാളുകളായി യൂനിറ്റ് അടിച്ചിട്ടിരിക്കുകയായിരുന്നു. അതിനാൽ സംഘത്തിലെ ഭാരവാഹികളോ തൊഴിലാളികളോ എത്താറില്ലായിരുന്നു.
വിവരമറിഞ്ഞ് മന്ത്രി വി. ശിവൻകുട്ടി, നഗരസഭ കൗൺസിലർ പനത്തുറ പി. ബൈജു, കയർ സംഘം പ്രസിഡൻറ് സദാശിവൻ, കയർ ഇൻസ്പെക്ടർ ഓഫിസിലെ ഫീൽഡ് ഓഫിസർ ജ്യോതിഷ്, തിരുവല്ലം പൊലീസ്, തിരുവല്ലം വില്ലേജ് ഓഫിസർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.