കടലിൽ കൃത്രിമപ്പാരുകൾ നിക്ഷേപം തുടങ്ങി
text_fieldsകൃത്രിമപാരുകളുടെ നിക്ഷേപം മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു
കോവളം: മത്സ്യസമ്പത്ത് വർധനയിലൂടെ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ കടലിൽ കൃത്രിമപ്പാരുകൾ നിക്ഷേപിക്കുന്ന പദ്ധതിക്ക് തുടക്കമായി. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര മന്ത്രി പർഷോത്തം രുപാല വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. വിഴിഞ്ഞം ഹാർബറിലെ നോർത്ത് വാർഫിൽ നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ കൃത്രിമപ്പാരുകൾ നിക്ഷേപിക്കുന്ന പ്രവൃത്തികൾ ഫ്ലാഗ് ഓഫ് ചെയ്തു.
കേരളത്തിന്റെ സുസ്ഥിര മത്സ്യബന്ധന വികസനവും ഉപജീവന മാർഗവും പ്രോത്സാഹിപ്പിക്കുന്നതിനായി 13.02 കോടി രൂപയാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിനിയോഗിക്കുന്നത്. പദ്ധതിയുടെ ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെ സംസ്ഥാന തീരദേശ വികസന കോർപറേഷനാണ് പദ്ധതി നിർവഹണത്തിന്റെ ചുമതല.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ പൊഴിയൂർ മുതൽ വർക്കല വരെയുള്ള 42 മത്സ്യഗ്രാമങ്ങളിലായി 6,300 കൃത്രിമപ്പാരുകളാണ് നിക്ഷേപിക്കുന്നത്. ത്രികോണ ആകൃതിയിൽ 80 എണ്ണവും, പൂക്കളുടെ ആകൃതിയിൽ 35 എണ്ണവും, പൈപ്പ് ആകൃതിയിൽ 35 എണ്ണവും ഉൾപ്പെടെ ഓരോ സ്ഥലത്തും മൂന്ന് ഇനങ്ങളിലായി ഒരു ടണ്ണിലധികം തൂക്കമുള്ള 150 കൃത്രിമപ്പാരുകളുടെ മൊഡ്യൂളുകളാണ് സ്ഥാപിക്കുന്നത്. ത്രികോണാകൃതിയിലുള്ള മൊഡ്യൂളിന് 1.20 മീറ്റർ വീതം വിസ്തീർണവും പൂക്കളുടെ ആകൃതിയിലുള്ള മൊഡ്യൂളിന് 100 സെന്റിമീറ്റർ പുറം വ്യാസവും 45 സെന്റിമീറ്റർ ഉയരവും പൈപ്പാകൃതിയിലുള്ള കൃത്രിമ പ്പാരിന് 55 സെന്റിമീറ്റർ പുറം വ്യാസവും 100 സെന്റിമീറ്റർ ഉയരവും ഉണ്ട്.
മൊഡ്യൂളുകൾ നശിച്ച് പോകാതിരിക്കാൻ ജി.പി.എസ് സഹായത്തോടെ കടലിൽ സ്ഥാനനിർണയം നടത്തി മത്സ്യത്തൊഴിലാളികളുടെ സാന്നിധ്യത്തിൽ 12 മുതൽ 15 വരെ ആഴത്തിലാണ് ഇവ നിക്ഷേപിക്കുന്നത്.
ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ഫിഷറീസ് വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുല്ല, സി.എം.എഫ്.ആർ.ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ആൻഡ് ഹെഡ് ഡോ. ജോ കെ. കിഴക്കൂടൻ, എന്നിവർ പങ്കെടുത്തു.