കോൺക്രീറ്റ് മിക്സറിനുള്ളിൽ കുടുങ്ങി യുവാവിന്റ കൈ അറ്റു
text_fieldsവിഴിഞ്ഞത്ത് കോൺക്രീറ്റ് മിക്സർ വൃത്തിയാക്കുന്നതിനിടെ കൈ കുടുങ്ങിയ നിലയിൽ നിൽക്കുന്ന യുവാവ്
കോവളം: വിഴിഞ്ഞത്ത് കോൺക്രീറ്റ് മിക്സറിനുള്ളിൽ കുടുങ്ങി യുവാവിന്റ കൈ അറ്റു. അപകടസ്ഥലത്ത് ഡോക്ടറെ എത്തിച്ച് അറ്റുതൂങ്ങിയ കൈ മുറിച്ചുമാറ്റി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര പഴയകട ഹരിജൻ കോളനി സ്വദേശി മനു എന്ന അരുണിന്റെ (31) വലതുകൈയാണ് കോൺക്രീറ്റ് മിക്സറിനുള്ളിൽ കുടുങ്ങിയത്. വ്യാഴാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. വെങ്ങാനൂർ ഡിവിഷനിലെ വിഴിഞ്ഞം എൽ.പി സ്കൂളിന് പിറകിലെ തോട്ടിൻകര കാവുവിളാകത്ത് റോഡ് കോൺക്രീറ്റ് ചെയ്യുന്ന പണിക്കിടെയാണ് അപകടം. പണി കഴിഞ്ഞ് കോൺക്രീറ്റ് മിക്സർ വൃത്തിയാക്കുന്നതിനിടെ ചെയിൻ കറങ്ങി മിക്സർ മെഷീനിനുള്ളിൽ കൈ കുടുങ്ങുകയായിരുന്നു.
മുട്ടിന് മുകളിൽവരെ ചതഞ്ഞരഞ്ഞ മനുവിന്റെ കൈ അറ്റുതൂങ്ങി. വിവരമറിഞ്ഞ് വിഴിഞ്ഞം പൊലീസ്, ഫയർഫോഴ്സ് എന്നിവർ സ്ഥലത്തെത്തിയെങ്കിലും കൈ പുറത്തെടുക്കാനുള്ള ശ്രമം വിജയിച്ചില്ല. തുടർന്ന് വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽനിന്ന് ഡോക്ടറെ സ്ഥലത്തെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം ഏറെ പരിശ്രമത്തിനൊടുവിൽ മിക്സറിൽ കുടുങ്ങി അറ്റുതൂങ്ങിക്കിടന്ന കൈയുടെ തൊലി മുറിച്ചുമാറ്റി യുവാവിനെ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.