വയോധികന്റെ മരണം കൊലപാതകം; പ്രതി പിടിയിൽ
text_fieldsരാജീവ്
കോവളം: കോവളത്ത് വീടിന്റെ ടെറസിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ കോവളം നെടുമം മുക്കോണംവിള വീട്ടിൽ ടി.സി 64/ 1450 ൽ രാജീവ് ( 42) നെ കോവളം പൊലീസ് അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ 17 നാണ് രാവിലെ കോവളം മുസ്ലീം പള്ളിക്ക് സമീപം പറമ്പിൽ വീട്ടിൽ രാജേന്ദ്രനെ (62) സഹോദരിയായ ലേഖയുടെ വീടിന്റെ ടെറസിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്ത് എത്തുമ്പോൾ മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം ഉള്ളതായി കണ്ടെത്തിയിരുന്നു. രാജേന്ദ്രൻ മദ്യപാനശീലമുള്ളയാൾ ആയതിനാലും പരാതിക്കാർ ഇല്ലാത്തതിനാലും പൊലീസ് മരണത്തിൽ ആദ്യം സംശയിച്ചില്ല. എന്നാൽ പോസ്റ്റുമോർട്ടത്തിൽ കഴുത്തിൽ ഗുരുതരമായ ക്ഷതം ഉണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണം നടന്നത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബന്ധുക്കളുൾപ്പെടെയുള്ളവരെ ചോദ്യംചെയ്തെങ്കിലും ആദ്യം ഒരു തുമ്പും കിട്ടിയില്ല. എന്നാൽ പ്രദേശത്തെ ഏതാനുംപേരെ ചോദ്യം ചെയ്യാൻ വിളിച്ചവരിൽ പ്രതിയും ഉണ്ടായിരുന്നു. പല ഘട്ടങ്ങളിലായി പൊലീസ് ചോദ്യം ചെയ്തെങ്കിലും പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. പ്രതിയുടെ ശരീരത്തിലെ നഖങ്ങളുടെ പാടുകളും കൈയിലെ ക്ഷതവും സംബന്ധിച്ച് പൊലീസിനോട് ആദ്യം കള്ളം പറഞ്ഞെങ്കിലും ഒടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
കേസ് സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ: മരണപ്പെട്ട രാജേന്ദ്രനും പ്രതിയും സമീപവാസികളും മദ്യപാനികളുമാണ്. നഗരത്തിലെ ഒരു ഹോട്ടലിലെ ഷെഫ് ആയിരുന്നു കൊല്ലപ്പെട്ട രാജേന്ദ്രൻ. ഭാര്യയുമായി വർഷങ്ങളായി അകന്ന് താമസിക്കുകയായിരുന്ന ഇയാൾ സഹോദരിയുടെ വീട്ടിലെ ടെറസിലാണ് പലപ്പോഴും രാത്രിയിൽ കിടന്നിരുന്നത്. ഇക്കഴിഞ്ഞ 14 ന് സന്ധ്യയോടെ രാജേന്ദ്രൻ പ്രതിയുടെ വീട്ടിൽ പോകുകയും അമ്മ ഓമനയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. ഈ സമയം പ്രതി വീടിനകത്ത് കിടക്കുകയായിരുന്നു. കാര്യം തിരക്കിയിട്ടും അമ്മ മറുപടി നൽകാൻ കൂട്ടാക്കിയില്ല. ഇതോടെ പ്രതിക്ക് വൈരാഗ്യമായി. അന്ന് തന്നെ രാത്രി 10 മണിയോടെ പ്രതി രാജേന്ദ്രനെ അന്വേഷിച്ച് ടെറസിന്റെ മുകളിൽ കയറി. തുടർന്ന് ഇരുവരും വാക്കേറ്റമായി. ശ്രീകൃഷ്ണ ജയന്തി ദിനമായതിനാൽ സമീപവാസികൾ ആരുംതന്നെ ഇല്ലാതിരുന്നതിനാൽ ബഹളം ആരും കേട്ടില്ല. നീ എന്റെ അമ്മയെ ഇനി ഉപദ്രവിക്കുമോ എന്ന് ചോദിച്ചുകൊണ്ട് പ്രതി രാജേന്ദ്രന്റെ കഴുത്തിന് കുത്തിപ്പിടിച്ച് ഇരുകൈകളും കൊണ്ടും കഴുത്തിൽ ശക്തിയോടെ അമർത്തി പിടിച്ചു. ഇതോടെ രാജേന്ദ്രൻ അബോധാവസ്ഥയിലായി. അനക്കമില്ലാതായതോടെ പ്രതി അവിടെ നിന്നും കടന്നുകളയുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് ഡി.സി.പി നകുൽ രാജേന്ദ്ര ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.
ഫോർട്ട് എ.സി ഷിബു, കോവളം പൊലീസ് എസ്.എച്ച്. ഒ ജയപ്രകാശ്, എസ്.ഐ ദിപിൻ, ക്രൈം എസ്.ഐ അനിൽകുമാർ തുടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.


