കോവളത്ത് റസ്റ്റാറന്റ് ഉടമയെയും ജീവനക്കാരനെയും മർദിച്ച ആറുപേർ പിടിയിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
കോവളം: കോവളം പാം ബീച്ച് റസ്റ്റാറന്റിൽ കയറി ഉടമയെയും ജീവനക്കാരനെയും മർദിച്ച കേസിലെ പ്രതികളായ ആറുപേരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം തോട്ടിൻകരയിൽ തൗഫീഖ് മൻസിലിൽ മാലിക് (36), ആവാടുതുറ മായക്കുന്ന് വീട്ടിൽ വിജി (41), കണ്ണങ്കോട് പരുത്തിവിളാകം വീട്ടിൽ മനോജ് (29), വെങ്ങാനൂർ വെണ്ണിയൂർ വിപിൻ ഹൗസിൽ വിപിൻ (24), വിഴിഞ്ഞം മുക്കോല തലയ്ക്കോട് വാഴവിളാകത്ത് വടക്കരിക്കത്ത് പുത്തൻവീട്ടിൽ വേണു (49), വെങ്ങാനൂർ മുട്ടയ്ക്കാട് പുളിമൂട്ടിൽ ലാലു ഭവനിൽ ബിപിൻകുമാർ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
26ന് രാത്രി 10 ഓടെ മദ്യപിച്ചെത്തിയ ആറംഗസംഘം ഹോട്ടൽ ഉടമയായ വനിതയെയും ഹോട്ടൽ ജീവനക്കാരനായ അനിലിനെയും ക്രൂരമായി മർദിക്കുകയായിരുന്നു. കോവളം സി.ഐ ബിജോയ്, എസ്.ഐമാരായ അനീഷ്, അനിൽ, എ.എസ്.ഐ മുനീർ, സി.പി.ഒമാരായ ഷൈജു, സുധീർ, സെൽവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.