ലോറി ഇടിച്ച് നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുകയറി കുടുങ്ങി
text_fieldsടിപ്പർ ഇടിച്ചതിനെ തുടർന്ന് ഡിവൈഡറിൽ കുടുങ്ങിയ കാർ
കോവളം: ബൈപാസിൽ ടിപ്പർ ലോറി കാറിന് പിറകിലിടിച്ച് നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി കുടുങ്ങി. കാറിൽ സഞ്ചരിച്ചിരുന്ന തക്കല സ്വദേശികളായ കുടുംബം ഭാഗ്യം കൊണ്ട് നിസാര പരിക്കുകളോടെരക്ഷപ്പെട്ടു.
തക്കല സ്വദേശി നാസർ, മക്കളായ റൂഫീന ഫാത്തിമ, മകൻ ദൂഫി എന്നിവരാണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെ കോവളം- തിരുവല്ലം ബൈപ്പാസിൽ വെളളാർ ജംങ്ഷന് സമീപമായിരുന്നു അപകടം.
കോവളം ഭാഗത്തുനിന്ന് തിരുവല്ലം ഭാഗത്തേക്ക് ഒരേ ദിശയിലേക്ക് സഞ്ചരിച്ച വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. വിഴിഞ്ഞം തുറമുഖത്തേക്ക് കല്ല് എത്തിച്ച് മടങ്ങിയ ടിപ്പർ ലോറി മുന്നിൽ സഞ്ചരിക്കുകയായിരുന്ന കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ചുകയറി കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് കോവളം പൊലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.