കെ.പി.സി.സി; അനുനയവും സമവായവും
text_fieldsതിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി നിർണയത്തിലെ അതൃപ്തി പൊട്ടിത്തെറികൾക്ക് വഴിമാറിയ സാഹചര്യത്തിൽ അനുനയവും സമവായവും ലക്ഷ്യമിട്ട് 100 സെക്രട്ടറിമാരുടെ പട്ടിക തയാർ. പാർട്ടിയിലെ മധ്യനിരക്ക് പരിഗണന നൽകിയും ഇടഞ്ഞ നേതാക്കൻമാരുടെ നോമിനികളെ ഉൾക്കൊള്ളിച്ചുമാണ് പുതിയ പട്ടിക. ഒരു ജനറൽ സെക്രട്ടറിക്ക് രണ്ട് സെക്രട്ടറിമാർ എന്നതാണ് കീഴ്വഴക്കം. ജനറൽ സെക്രട്ടറിമാരുടേത് തന്നെ ജംബോ പട്ടികയായ സാഹചര്യത്തിൽ അനുപാതം അതേപടി പാലിച്ചില്ലെങ്കിലും സമാന്യം നീണ്ട നിരയാണ് സെക്രട്ടറിമാരുടേത്.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ സാന്നിധ്യത്തിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർ മൂന്ന് മണിക്കൂറിലേറെ ചർച്ച നടത്തിയാണ് പട്ടികക്ക് അന്തിമ രൂപം നൽകിയത്. ഗ്രൂപ്പ് നേതാക്കളുമായും മുതിർന്ന നേതാക്കളുമായും ഫോൺ വഴിയും ആശയവിനിമയം നടന്നു.
സാധാരണ കെ.പി.സി.സി ജനറൽ സെക്രട്ടറിമാർ വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരുടെ പട്ടിക ഒരുമിച്ചാണ് പ്രഖ്യാപിക്കുക. ഇക്കുറി സെക്രട്ടറിമാരുടേത് ഒഴികെ മറ്റ് രണ്ട് വിഭാഗങ്ങളുടേതാണ് ആദ്യം പ്രഖ്യാപിച്ചത്. എം.പിമാരോ എം.എൽ.എമാരൊ ഉൾപ്പെടാത്തതും എന്നാൽ സാധാരണ നേതാക്കളടങ്ങളുന്ന സെക്രട്ടറി പട്ടിക വൈകുന്നത് അതൃപ്തിക്ക് ഇടയാക്കിയിരുന്നു. കെ.മുരളീധരനും വി.ഡി സതീശനുമടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തു.
അതേസമയം, പട്ടിക വൈകലിന്റെ പേരിൽ നേതൃത്വം പഴി കേട്ടെങ്കിലും ഭാരവാഹി നിർണയത്തിലെ അതൃപ്തികൾ പരിഹരിക്കാനും നിരാശരായവരെ ഉൾപ്പെടുത്താനും ആയതിനാൽ കാലതാമസം നേതൃത്വത്തിന് അനുഗ്രഹമായി. പട്ടിക ഉടൻ ഹൈകമാൻഡിന് കൈമാറുമെന്നാണ് വിവരം.
ഒരാഴ്ചക്കകം പ്രഖ്യാപനമുണ്ടാകും. നിലവിൽ, കെ.പി.സി.സിക്ക് സെക്രട്ടറിമാരുണ്ടായിരുന്നില്ല. ഇടവേളക്ക് ശേഷം ഓടി നടന്ന് പ്രവർത്തിക്കാൻ കഴിയുന്ന മധ്യനിരയിലെ നേതാക്കൾ ഉൾപ്പെടുന്ന സെക്രട്ടറിമാർ കൂടി എത്തുന്നതോടെ സംഘടന സജീവമാകുമെന്നാണ് പ്രതീക്ഷ. പുന:സംഘടനയോടെ ജനറൽ സെക്രട്ടറിമാരുടെ എണ്ണം 26ൽ നിന്ന് 59 ലെത്തി. ആറ് പേർ കൂടി എത്തിയതോടെ രാഷ്ട്രീയകാര്യ സമിതിയുടെ അംഗംബലം 39 ആയി.


