കെ.എസ്.ആർ.ടി.സി യാർഡ് നവീകരണം; നെടുമങ്ങാട് നാളെ മുതൽ ഗതാഗത ക്രമീകരണം
text_fieldsനെടുമങ്ങാട്: നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് യാർഡിന്റെ നവീകരണം രണ്ടുദിവസത്തിനുള്ളിൽ ആരംഭിക്കാനും ജൂണിൽ വിദ്യാലയങ്ങൾ തുറക്കുന്നതിന് മുമ്പ് പൂർത്തികരിക്കാനും മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഗതാഗത ക്രമീകരണങ്ങൾ കൈകൊള്ളുന്നതിനും യോഗത്തിൽ തീരുമാനമായി.
എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. പ്രവർത്തികൾ ആരംഭിക്കുന്ന ബുധനാഴ്ച്ച മുതൽ നെടുമങ്ങാട് ബസ്സ് സ്റ്റാൻറിൽ നിന്ന് പുറപ്പെടുന്ന സർവിസുകൾ ചുവടെ ചേർത്തിരിക്കുന്ന പ്രകാരം പുന: ക്രമീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം, വട്ടപ്പാറ ഭാഗത്തേക്കുള്ള ബസ്സുകൾ നെടുമങ്ങാട്-തിരുവനന്തപുരം റോഡിൽ പുതിയതായി നിർമ്മിച്ച റവന്യൂ ടവർ ബിൽഡിങ്ങിന്റെ എതിർവശത്തുനിന്ന് പുറപ്പെടും. നെടുമങ്ങാട് ഗവ. ഗേൾസ് എച്ച്.എസ്.എസ് റോഡിൽ പെട്രോൾ പമ്പിന് സമീപത്തുനിന്നു പുറപ്പെടും. കാട്ടാക്കട ഭാഗത്തേക്കുള്ള വാഹനങ്ങൾ കുളവിക്കോണം ബസ് സ്റ്റോപ്പിൽ നിന്നും കരിപ്പൂര് ഭാഗത്തേക്കുള്ള വാഹനങ്ങൾ നെടുമങ്ങാട്-സത്രംമുക്ക് റോഡിൽ ടൗൺ എൽ.പി. സ്കൂളിന് മുൻവശത്തുനിന്നും മഞ്ച-അരുവിക്കര ഭാഗത്തുള്ള ബസുകൾ ചന്തമുക്കിൽ നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യും.