അരിഷ്ട വില്പനശാലയില് എക്സൈസ് - പൊലീസ് സംയുക്ത പരിശോധന
text_fieldsകുളത്തൂപ്പുഴയില്‍ പ്രവര്‍ത്തിച്ചുവന്ന അനധികൃത അരിഷ്ട വില്പന ശാലയില്‍ പൊലീസും എകസൈസ് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നു
കുളത്തൂപ്പുഴ: പരാതിയുടെ അടിസ്ഥാനത്തില്‍ കുളത്തൂപ്പുഴയിലെ വ്യാപാരശാലയില്‍ പൊലീസിന്റെയും എക്സൈസ് വകുപ്പിന്റെയും നേതൃത്വത്തില്‍ സംയുക്ത പരിശോധന.
കുളത്തൂപ്പുഴ ടൗണിലെ ആയുര്‍വേദ ഫാര്‍മസി കടയിലാണ് ഉദ്യോഗസ്ഥ സംഘം പരിശോധനക്കെത്തിയത്. ഏറെനാളുകളായി ഡോക്ടറുടെയോ ഫാര്‍മസിസ്റ്റിന്റെയോ മേല്‍നോട്ടമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ചു പരാതി ലഭിച്ചിരുന്നതായും ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാണ് അരിഷ്ടം വില്പന അടക്കം നടക്കിയിരുന്നതെന്നും അധികൃതര്‍ കണ്ടെത്തി.
അനധികൃതമായി വില്പന നടത്തിയ അരിഷ്ടത്തിന്റെ കുപ്പികളും കാലാവധി കഴിഞ്ഞതും വില്പനക്കായി സൂക്ഷിച്ചതുമായ നിരവധി കുപ്പി അരിഷ്ടവും ഇവിടെ നിന്ന് കണ്ടെടുത്തതായും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ സ്ഥാപന ഉടമ റോയിക്കെതിരെ കേസെടുക്കുകയും ചെയ്തു. പ്രദേശത്ത് മറ്റു പല കേന്ദ്രങ്ങളിലും അനധികൃത അരിഷ്ട വില്പന നടക്കുന്നതായുള്ള സൂചന ലഭിച്ചിട്ടുള്ളതായും പലരും നിരീക്ഷണത്തിലാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകളുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കുളത്തുപ്പുഴ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. അനീഷ്, പുനലൂർ എക്സൈസ് ഇൻസ്പെക്ടർ ഷമീർ ഖാൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധനക്കെത്തിയത്.