തദ്ദേശതെരഞ്ഞെടുപ്പ് കരട് വോട്ടർ പട്ടിക; വാർഡുകൾ മാറിമറിഞ്ഞു, ചിലർ അപ്രത്യക്ഷരായി
text_fieldsതിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ കരട് വോട്ടർ പട്ടിക പ്രസിദ്ധപ്പെടുത്തിയപ്പോൾ പലരുടെയും വാർഡുകൾ മാറിമറിഞ്ഞു. പലർക്കും സ്വന്തം വോട്ട് മറ്റുവാർഡിലേക്കായി, ചിലർ പട്ടികയിൽ നിന്ന് അപ്രത്യക്ഷരുമായി. കരട് വന്നശേഷം പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിച്ചപ്പോഴാണ് മറിമായം ബോധ്യമായത്. വാർഡ് വിഭജനവും ശുദ്ധീകരണവും നടപ്പോൾ സംഭവിച്ചതാകാമെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും വോട്ടർമാരിൽ അത് ആശങ്കക്ക് വക നൽകിയിട്ടുണ്ട്.
ഇതിനിടെ പുതുതായി ചേർത്തവരുടെ പേർ കരട് പട്ടിക വന്നപ്പോൾ ഉൾപ്പെട്ടിട്ടില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്തതിനാൽ തദ്ദേശ വോട്ടർ പട്ടികയിലും പേര് ഉണ്ടാകുമെന്നു ആരും കരുതരുത്. കാരണം രണ്ടിനും വെവ്വേറെ വോട്ടർ പട്ടികയും തെരഞ്ഞെടുപ്പ് കമീഷനുകളുമാണ്. വില്ലേജ്, താലൂക്ക് ഓഫിസുകളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പട്ടിക പരിശോധിക്കാം. എല്ലാപേരും പട്ടിക പരിശോധിച്ച് അതത് വാർഡുകളിൽ വോട്ട് ഉണ്ടോ എന്ന് ഉറപ്പുവരുത്തുകയും വേണം.
കരട് വോട്ടർപട്ടികയിൽ 1,034 തദ്ദേശസ്ഥാപനങ്ങളുടെ 20,998 വാർഡുകളിലായി 2,66,78,256 (1,26,32,186 പുരുഷന്മാരും, 1,40,45,837 സ്ത്രീകളും, 233 ട്രാൻസ്ജെൻഡറും) വോട്ടർമാരാണുള്ളത്. കഴിഞ്ഞവർഷം ശുദ്ധീകരണം നടത്തിയ വോട്ടർപട്ടിക പുതിയ വാർഡുകളിലേക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയാറാക്കിയത്. 2020ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം നിലവിലുള്ള വോട്ടർപട്ടിക 2023 ഒക്ടോബറിലും 2024 ജൂലൈയിലും ശുദ്ധീകരണം നടത്തിയിരുന്നു.
2023 ഒക്ടോബറിലെ കരടിൽ 2,76,70,536 വോട്ടർമാരാണുണ്ടായിരുന്നത്. തിരുവനന്തപുരം കോർപറേഷനിൽ തന്നെ പലവാർഡുകളിൽ വോട്ടർമാരുടെ പേരുകൾ മറ്റൊരു വാർഡിലേക്ക് മാറി എന്ന പരാതി ഉണ്ട്. 100 വാർഡ് ഉണ്ടായിരുന്നത് വിഭജനം പൂർത്തിയാപ്പോൾ അത് 101 വാർഡായി. അതിന്റെ ഭാഗമായി സംഭവിച്ച മാറ്റമാകാം എന്നാണ് പറയപ്പെടുന്നത്. എന്തായാലും അന്തിമ പട്ടികയിലും ഇത്തരം അപാകതകൾ കടന്നുകൂടിയാൽ വ്യാപക പ്രതിഷേധങ്ങൾകാവും ഇടനൽകുക.