പാറശ്ശാലയിൽ ഇഞ്ചോടിഞ്ച് പോരാട്ടം
text_fieldsവെള്ളറട: തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന കേരളത്തിന്റെ തെക്കേ മുനമ്പായ പാറശ്ശാല മണ്ഡലത്തിൽ എക്കാലവും നടന്നിട്ടുള്ളത് ഇഞ്ചോടിഞ്ച് പോരാട്ടമാണ്. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന പാറശ്ശാലയിൽ ഇക്കുറിയും തീപാറും പോരാണ്. അമ്പൂരി, ആര്യങ്കോട്, കള്ളിക്കാട്, കൊല്ലയിൽ, കുന്നത്തുകാൽ, ഒറ്റശേഖരമംഗലം, പാറശ്ശാല, പെരുങ്കടവിള, വെള്ളറട എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പാറശ്ശാല മണ്ഡപം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാർഥി സി.കെ. ഹരീന്ദ്രന്‍ വ്യക്തമായ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥി ശശി തരൂര്‍ ലീഡ് ചെയ്തത് യു.ഡി.എഫ് ക്യാമ്പിൽ ആത്മവിശ്വാസമാകുന്നു. തുടര്‍ച്ചയായി ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി വോട്ടുവിഹിതത്തിൽ വർധനയുണ്ട്.
അടിസ്ഥാനവോട്ടുകളുടെ ബലത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ സ്വാധീനമുള്ളപ്പോൾ കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷ മുന്നേറ്റമായിരുന്നു. മണ്ഡല പുനർനിര്‍ണയത്തിനുശേഷം പാറശ്ശാലയില്‍ നായര്‍, നാടാര്‍, ഈഴവ, എസ്.സി വോട്ടുകൾ നിര്‍ണായകമാണ്. തൊഴിലാളികളും അടിസ്ഥാന ജനവിഭാഗങ്ങളും കൂടുതലുള്ള മണ്ഡലത്തില്‍ ആര്യങ്കോട്, കൊല്ലയിൽ, കുന്നത്തുകാൽ, പാറശ്ശാല, പെരുങ്കടവിള എന്നീ പഞ്ചായത്തുകളിലെ ഭരണം ഇടതുമുന്നണിക്കാണ്.
ഒറ്റശേഖരമംഗലം, അമ്പൂരി, വെള്ളറട പഞ്ചായത്തുകളിൽ യു.ഡി.എഫും കള്ളിക്കാട് ബി.ജെ.പിയുമാണ് ഭരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ പാറശ്ശാല തരൂരിനൊപ്പം ഇത്തവണയും നില്‍ക്കുമെന്ന് യു.ഡി.എഫും പന്ന്യന്‍ ലീഡ് ചെയ്യുമെന്ന് എൽ.ഡി.എഫും രാജീവ് ചന്ദ്രശേഖറിലൂടെ ചരിത്രമുന്നേറ്റം നടത്തുമെന്ന് എന്‍.ഡി.എയും ഉറപ്പിക്കുന്നു. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പാറശ്ശാലയിൽ 22,002 വോട്ടാണ് യു.ഡി.എഫ് നേടിയത്. അതേസമയം 2021 നിയമസഭ തെരഞ്ഞെടുപ്പിൽ 25,828 വോട്ട് ലീഡ് നൽകി പാറശ്ശാല ഇടതുമുന്നണിയെ തുണച്ചു.
1957 മുതലുള്ള രാഷ്ട്രീയചരിത്രം മണ്ഡലത്തിനുണ്ട്. 1957, 1960 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിലെ എം. കുഞ്ഞുകൃഷ്ണൻ വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നാലുതവണ തെരഞ്ഞെടുക്കപ്പെട്ട എൻ. സുന്ദരൻ നാടാർ ഇന്നും പാറശ്ശാലയുടെ രാഷ്ട്രീയചരിത്രത്തിലെ ശക്തമായ സ്വാധീനമാണ്. 1970, 1977, 1987, 2016, 2021 വർഷങ്ങളിൽ സി.പി.എം വെന്നിക്കൊടി പാറിച്ചു. 2006 ഓടെ മണ്ഡലക്കാറ്റും രാഷ്ട്രീയസ്വാധീനങ്ങളും മാറിമറിയാൻ തുടങ്ങി. തമിഴ്നാടിനോട് ചേർന്നുകിടക്കുന്നതിനാൽ അയൽസംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങളും ഇവിടെ ചർച്ചാവിഷയമാകുന്നു.


