Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനവരാത്രി നിറവിൽ പൂജ...

നവരാത്രി നിറവിൽ പൂജ വെപ്പ്; ഇന്ന് മഹാനവമി

text_fields
bookmark_border
നവരാത്രി നിറവിൽ പൂജ വെപ്പ്; ഇന്ന് മഹാനവമി
cancel
camera_alt

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രത്തിൽ പാഠപുസ്തകങ്ങളും വാദ്യോപകരണങ്ങളും പൂജക്ക് വെച്ചപ്പോൾ

തിരുവനന്തപുരം: നവരാത്രിയുടെ എട്ടാം ദിനമായ തിങ്കളാഴ്ച വൈകീട്ട് ആചാരപ്രകാരം ക്ഷേത്രങ്ങളിലും വീടുകളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലും പുസ്തകങ്ങളും ഗ്രന്ഥങ്ങളും എഴുത്തുപകരണങ്ങളും പൂജക്കു വെച്ചു. അഷ്ടമി നാളിൽ വെച്ച പുസ്തകങ്ങളും ഉപകരണങ്ങളും മഹാനവമി ദിവസം മുഴുവൻ പൂജയിൽ ഇരിക്കും.

പൂജവെപ്പ് ദിവസവും പൂജയിലിരിക്കുന്ന ദിവസങ്ങളിലും ആ പുസ്തകങ്ങളോ ഉപകരണങ്ങളോ തൊടാനോ വായിക്കാനോ പാടില്ല എന്നാണ് വിശ്വാസം. വിജയദശമി നാളിലാണ് ഇവ തിരികെ എടുക്കുക. വിജയദശമി ദിവസമായ ബുധനാഴ്ച രാവിലെ പൂജകൾക്ക് ശേഷം പുസ്തകങ്ങൾ എടുത്ത് വായിക്കുകയും കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുകയും ചെയ്യും. ചൊവ്വാഴ്ചയാണ് മഹാനവമി.

മഹാനവമി ദിവസം രാവിലെ പണിയായുധങ്ങളും ഉപകരണങ്ങളും പൂജക്കുവെക്കും. ഒമ്പത് രാത്രികളിലെ പൂജയും പത്താം നാള്‍ രാവിലെ നടക്കുന്ന പൂജയെടുപ്പും ഇക്കുറി 11 നാളിലേക്ക് നീണ്ടു. ഒരു ആചാരപ്രകാരം 18 നും മറ്റൊന്നില്‍ 19 നും ദുര്‍ഗാഷ്ടമി ആരംഭിക്കും. അതിന്‍പ്രകാരം ഞായറാഴ്ച വൈകീട്ടും തിങ്കളാഴ്ചയും പൂജക്കുവെച്ചു. അഷ്ടമി, നവമി, ദശമി എന്നീ നാളുകളിലാണ് നവരാത്രിയിലെ പ്രധാന പൂജാക്രമം. ഈ വര്‍ഷം നവരാത്രിയുടെ തുടക്കം 11നും 12നുമായിരുന്നു. 11ന് ആരംഭിച്ച പൂജാക്രമത്തിലാണ് ഞായറാഴ്ച ദുര്‍ഗാഷ്ടമി എത്തിയത്. 12ന് ആരംഭിച്ച കോട്ടക്കകം നവരാത്രി മണ്ഡപം ഉൾപ്പെടെ സ്ഥലങ്ങളില്‍ 19നാണ് ദുര്‍ഗാഷ്ടമി. കോട്ടക്കകം നവരാത്രി മണ്ഡപത്തില്‍ പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് എഴുന്നള്ളിച്ച തേവാരക്കെട്ട് സരസ്വതിദേവിയുടെ പൂജക്കിരുത്ത് തൊഴാന്‍ നിരവധി ഭക്തരാണ് ദിവസവും എത്തിയത്.

സരസ്വതീ ദേവിക്കൊപ്പം എഴുന്നള്ളിച്ച വേളിമല കുമാരസ്വാമിയെയും വെള്ളിക്കുതിരയെയും തൊഴാന്‍ ആര്യശാല ഭഗവതീക്ഷേത്രത്തിലും നിരവധി ഭക്തര്‍ എത്തുന്നുണ്ട്. ശുചീന്ദ്രം മുന്നൂറ്റിനങ്കയെ ചെന്തിട്ട ഭഗവതീ ക്ഷേത്രത്തിലാണ് പൂജക്കിരുത്തിയത്.

നവരാത്രി മണ്ഡപത്തില്‍ 400 ഓളം കുട്ടികളെ എഴുത്തിനിരുത്തും. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വ്യാസന്റെ നടയിലും വിദ്യാരംഭം നടക്കും. ആറ്റുകാല്‍ ഭഗവതീക്ഷേത്രം, കരിക്കകം ചാമുണ്ഡീക്ഷേത്രം തുടങ്ങി തലസ്ഥാനത്തെയും ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള ദേവീക്ഷേത്രങ്ങളിലും നവരാത്രി ആഘോഷങ്ങൾ അരങ്ങേറും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Navratri puja Mahanavami 
News Summary - Mahanavami Today as Navratri Poojas Conclude
Next Story