മലയിൻകീഴ് പഞ്ചായത്ത് ഓഫിസിൽ സംഘർഷം
text_fieldsതാൽകാലിക ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് മലയിൻകീഴ് പഞ്ചായത്തിന് മുന്നിൽ ബി.ജെ.പി, കോൺഗ്രസ് മെമ്പർമാർ പ്രതിഷേധ സമരം നടത്തുന്നു
നേമം: താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് മലയിൻകീഴ് പഞ്ചായത്ത് ഓഫിസിന് മുന്നിൽ സംഘർഷാവസ്ഥ. ഇന്നലെ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് സംഘർഷാവസ്ഥയുണ്ടായത്. പഞ്ചായത്തിൽ ആകെ 18 താൽക്കാലിക ജീവനക്കാരാണുള്ളത്.
ഇതിൽ അഞ്ചുപേർ വനിതാ തൊഴിലുറപ്പ് തൊഴിലാളികളാണ്. ഇതിൽ മൂന്നു പേരെയാണ് പിരിച്ചുവിടാൻ തീരുമാനിച്ചത്. വിദ്യാഭ്യാസയോഗ്യതയും 10 വർഷത്തിലേറെ തൊഴിൽ പരിചയവുമുള്ള ഇവരെ യാതൊരു കാരണവും കൂടാതെ പിരിച്ചുവിടുന്നതിനെതിരെ പഞ്ചായത്തിലെ ബി.ജെ.പി, കോൺഗ്രസ് മെംബർമാരായ ഗിരീശൻ, പ്രസന്നകുമാർ, സജികുമാർ, അനില, അനിത, ശാന്ത, സിന്ധു, അനിൽകുമാർ, സുരേന്ദ്ര കുമാർ എന്നിവരാണ് പ്രതിഷേധ സമരം നടത്തിയത്.
താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിന്‍റെ ഉത്തരവാദിത്തം പഞ്ചായത്ത് പ്രസിഡന്‍റിനും വൈസ് പ്രസിഡൻറിനുമാണെന്ന് സമരക്കാർ പറഞ്ഞു. വൈകുന്നേരമായിട്ടും പ്രശ്നത്തിന് പരിഹാരം കാണാതെ വന്നതോടെ പഞ്ചായത്തിലെ ജീവനക്കാരെ പുറത്തുപോകാൻ സമരക്കാർ അനുവദിച്ചില്ല.
ഇതോടെ മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തുകയും സമരം നടത്തിയവരുമായി സംസാരിക്കുകയും ചെയ്തു. ഇതിനിടെ ജീവനക്കാരും സമരക്കാരുമായി ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ തുടരുമെന്ന് വാർഡ് മെംബർമാർ അറിയിച്ചു.