ഭിന്നശേഷിക്കാരിയായ വയോധികയെ അയൽവാസി വീട്ടിൽക്കയറി വെട്ടി
text_fieldsമെഡിക്കൽ കോളജ്: ഭിന്നശേഷിക്കാരിയായ വയോധികയെ അയൽവാസി വീട്ടിൽകയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പുലയനാർകോട്ട ഐക്കോൺസിനു സമീപം ഗിരിജാഭവനിൽ തനിച്ച് താമസിക്കുന്ന ഗിരിജാദേവി (72) ക്കാണ് പരിക്കേറ്റത്. തലക്ക് സാരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലുള്ള ഗിരിജയുടെ തലയിൽ അഞ്ച് തുന്നലുണ്ട്.
തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. തൊട്ടടുത്ത വീട്ടിലെ രഘു എന്നയാളാണ് ആക്രമിച്ചതെന്ന് വയോധികയുടെ മകൾ പറഞ്ഞു. അതിർത്തിയിൽ മരം നട്ടുപിടിപ്പിച്ചതുമായി ബന്ധപ്പെട്ട് ബധിരയും മൂകയുമായ ഗിരിജ ഇയാളോട് ആംഗ്യഭാഷയിൽ പ്രതികരിച്ചിരുന്നു.
ഇത് ഇയാൾ വീഡിയോ എടുക്കുമായിരുന്നു. ഇത് ഗിരിജക്ക് മനോവിഷമം ഉണ്ടാക്കിയിട്ടുണ്ടെന്ന് മകൾ മായ പറഞ്ഞു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഇയാൾ തിങ്കളാഴ്ച വൈകീട്ട് വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചത്. തൊട്ടടുത്ത മകളുടെ വീട്ടിൽ താമസിക്കുന്ന വാടകക്കാരൻ കുര്യാത്തിയിൽ താമസിക്കുന്ന മകളെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മകളാണ് വയോധികയെ ആശുപത്രിയിലെത്തിച്ചത്.


