വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ചുകടന്നവർ അറസ്റ്റില്‍
text_fieldsഅറസ്റ്റിലായ പ്രതികള്‍
മെഡിക്കല്‍ കോളജ്: ഉളളൂര്‍ പ്രശാന്ത് നഗര്‍ സി.ഡി.എസിന് എതിര്‍വശം വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്റ്റേഷനറി കടയില്‍ വയോധികയുടെ സ്വർണമാല പൊട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവയ്ക്കല്‍ പോങ്ങുംമൂട് പമ്പ്ഹൗസിന് എതിര് വശം പനച്ചവിള വീട്ടില്‍ അരുണ്‍ (27), നിരാളി ലെയിന്‍ പി.എസ്.സി നഗര്‍ പെരിങ്ങാലി പണയില്‍ പുത്തന്‍ വീട്ടില്‍ സൂരജ് (27) എന്നിവരെയാണ് മെഡിക്കല്‍ കോളജ് പൊലീസും സിറ്റി ഡാന്‍സാഫ് ടീമും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
ബുധനാഴ്ച വൈകീട്ട് ആറു മണിയോടെ വീടിനോട് ചേര്‍ന്നുളള കടയില്‍ ഇരുന്ന വസന്ത (70) യുടെ കഴുത്തില്‍ കിടന്ന മാലയാണ് ഹെല്‍മറ്റും കറുത്ത മാസ്കും ധരിച്ചെത്തിയ ഒന്നാം പ്രതി അരുണ്‍ പൊട്ടിച്ചെടുത്ത് രണ്ടാം പ്രതിയായ സൂരജിനൊപ്പം പള്‍സര്‍ ബൈക്കില്‍ കടന്നത്.
പ്രതികള്‍ പൊട്ടിച്ചെടുത്ത മാല വെഞ്ഞാറമൂടുളള സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണയം വെച്ചതായി പൊലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളുമായി എത്തി സ്വര്‍ണമാല കണ്ടെടുക്കുകയായിരുന്നു.സ്വര്‍ണം പണയം വെക്കാനും പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സാഹായിച്ചതുമായ മൂന്നാം പ്രതി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


