മെഡിക്കൽ കോളേജ് വളപ്പിൽ തട്ടുകട മാലിന്യം തള്ളാൻ വന്നയാളെ പതിയിരുന്ന് പിടികൂടി; മാലിന്യം തള്ളാൻ ശ്രമിച്ചത് മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ശുചീകരിച്ച സ്ഥലത്ത്
text_fieldsമാലിന്യം തള്ളാനെത്തിയ യാളെ ജീവനക്കാർ പിടികൂടിയപ്പോൾ
മെഡിക്കൽ കോളജ്: മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം പ്രവർത്തകർ ശുചീകരിച്ച മെഡിക്കൽ കോളജ് വളപ്പിൽ തട്ടുകട മാലിന്യം നിക്ഷേപിച്ചയാളെ ജീവനക്കാർ പതിയിരുന്ന് പിടികൂടി. തുടർന്ന് നഗരസഭയുടെ ഹെൽത്ത് സ്ക്വാഡ് തട്ടുകട ഉടമയെ കണ്ടെത്തി 5000 രൂപ പിഴയിട്ടു.
ബുധനാഴ്ച പുലർച്ച നാലരയോടെയാണ് മെഡിക്കൽ കോളജ് പരിസരത്ത് തള്ളാൻ മാലിന്യം നിറച്ച ചാക്കുമായി ആന്റണി എത്തിയത്. ഇയാൾ മെഡിക്കൽ കോളജ് പരിസരത്ത് അന്തിയുറങ്ങുന്നയാളാണ്. കാമ്പസ് വൃത്തിയാക്കിയതിന്റെ തൊട്ടടുത്ത ദിവസംതന്നെ ഡി.എം.ഇ യിലേക്കുള്ള വഴിയോരത്ത് മാലിന്യം കണ്ടെത്തിയിരുന്നു. തുടർന്ന് ഡി.എം.ഇയിലെ നൈറ്റ് വാച്ച്മാൻ അനീഷ്, പാരാമെഡിക്കൽ ഓഫീസിലെ വാച്ച്മാൻ ഗോകുൽ എന്നിവർ ചൊവ്വാഴ്ച അർധരാത്രി മുതൽ ജാഗ്രതയോടെ കാത്തിരുന്നു.
ബുധനാഴ്ച പുലർച്ച നാലരയോടെ ആന്റണി മാലിന്യച്ചാക്കുമായെത്തി വലിച്ചെറിയാൻ തുടങ്ങുമ്പോഴേക്കും ഇരുവരും ഇയാളെ പിടികൂടി. തുടർന്ന് മെഡിക്കൽ കോളജ് പൊലീസിലും ഹെൽത്ത് സ്ക്വാഡിലും വിവരം അറിയിച്ചു. പൊലീസും ഹെൽത്ത് സ്ക്വാഡും എത്തി ഇയാളെ ചോദ്യംചെയ്തപ്പോഴാണ് സുനിൽകുമാറാണ് മാലിന്യം കൊടുത്തുവിട്ടതെന്ന് പറഞ്ഞത്. തുടർന്ന് ചാക്കിലുള്ള മാലിന്യവും തട്ടുകടയിലെ ഭക്ഷണാവശിഷ്ടങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം സുനിൽകുമാറിന് 5000 രൂപ പിഴയിടുകയായിരുന്നു.