ഗവ. മെഡിക്കൽ കോളജിൽ നൂതന സാങ്കേതിക വിദ്യയിലൂടെ എട്ടുപേർക്ക് ഹൃദയ ശസ്ത്രക്രിയ; ചികിത്സാരീതി സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇതാദ്യം
text_fieldsനൂതന സാങ്കേതികവിദ്യയിലൂടെ എട്ടുപേർക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരും ജീവനക്കാരും
മെഡിക്കൽ കോളജ്: ഹൃദയധമനികളുടെ ഉൾഭാഗത്ത് കൊഴുപ്പ് അടിഞ്ഞ് രക്തചംക്രമണത്തിന് തടസ്സംനേരിട്ട എട്ട് രോഗികൾക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ നൂതന ആൻജിയോപ്ലാസ്റ്റിയിലൂടെ രോഗമുക്തി. ഐ.വി.യു.എസ്.എൻ.ഐ.ആർ.എസ് (ഇൻട്രാ വാസ്കുലാർ അൾട്രാസൗണ്ട് നീയർ ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി) എന്ന സാങ്കേതിക വിദ്യയിലൂടെ തടസ്സങ്ങൾ കണ്ടുപിടിച്ചായിരുന്നു ചികിത്സ.
സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ മെഡിക്കൽ കോളജിൽ ഈ ചികിത്സാരീതി അവലംബിക്കുന്നത്. കാർഡിയോളജി വിഭാഗത്തിൽ ഐ.വി.യു.എസ്.എൻ.ഐ.ആർ.എസ് സംബന്ധിച്ച് ശിൽപശാല സംഘടിപ്പിച്ചിരുന്നു. ഇതോടനുബന്ധിച്ച് ഹൃദയധമനിയിൽ തടസ്സമുള്ള എട്ടു രോഗികളിൽ ഈ സംവിധാനം ഉപയോഗിച്ച് രക്തക്കുഴലിലെ തടസം കണ്ടുപിടിക്കുകയും അവയിലെ കൊഴുപ്പു ശതമാനം നിശ്ചയിക്കുകയും ചെയ്തു. തുടർന്ന് ബലൂൺ, സ്റ്റെന്റ് തുടങ്ങിയവ ഉപയോഗിച്ച് തടസ്സം നീക്കം ചെയ്തു. തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗികൾ സുഖംപ്രാപിച്ചുവരുന്നതായി അധികൃതർ അറിയിച്ചു.
ശിൽപശാലക്ക് ഹൃദ്രോഗ വിഭാഗം മേധാവി ഡോ. കെ. ശിവപ്രസാദ്, പ്രൊഫസർമാരായ ഡോ. മാത്യു ഐപ്പ്, ഡോ. സിബു മാത്യു, ഡോ. സുരേഷ് മാധവൻ, ഡോ. പ്രവീൺ വേലപ്പൻ എന്നിവർ നേതൃത്വം വഹിച്ചു. അസി. പ്രൊഫസർമാരായ ഡോ. അഞ്ജന, ഡോ. ലക്ഷ്മി, ഡോ. പ്രിയ, ഡോ. ലൈസ് മുഹമ്മദ്, ഡോ. ബിജേഷ്, ടെക്നീഷ്യൻമാരായ പ്രജീഷ്, കിഷോർ, അസിം, നേഹ, അമൽ, നഴ്സിങ് ഓഫിസർമാരായ സൂസൻ, വിജി, രാജലക്ഷ്മി, ജാൻസി, ആനന്ദ്, കവിത, പ്രിയ, സബ്ജക്ട് സ്പെഷലിസ്റ്റുമാരായ മരിയ, സിബിൻ, ജിത്തു, മിഥുൻ എന്നിവർ ശസ്ത്രക്രിയകളിൽ പങ്കാളികളായി. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ബി.എസ്. സുനിൽകുമാർ ശസ്ത്രക്രിയകൾക്ക് പിന്തുണ നൽകി.