മാനസിക പീഡനവും മർദനവും; അധ്യാപകർക്കെതിരെ വിദ്യാർഥിയുടെ പരാതി
text_fieldsമെഡിക്കൽ കോളജ്: സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ അധ്യാപകർ മാനസികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തതായി പരാതി. സ്വകാര്യ എയ്ഡഡ് സ്കൂളിലെ നാല് അധ്യാപകർക്കെതിരെയാണ് ആക്കുളം ചെറുവയ്ക്കൽ സ്വദേശിയായ വിദ്യാർഥി മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്.
വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ചെയ്യാത്ത കുറ്റം ആരോപിക്കുകയും അതുചോദ്യം ചെയ്തതിലുള്ള വിരോധത്താൽ ക്ലാസിന് പുറത്ത് നിർത്തി അപമാനിച്ചുവെന്നും പരാതിയിൽ പറയുന്നു.
ജനുവരി 22ന് അധ്യാപകരിലൊരാൾ വിദ്യാർഥി ശുചിമുറിയിൽ പോയി വരുന്ന സമയം ചൂരൽ കൊണ്ട് ഇടത്തേ തുടയിൽ അടിക്കുകയും അടിച്ചതെന്തിനെന്ന് ചോദിച്ചപ്പോൾ വീണ്ടും അടിക്കുകയും ഷർട്ടിന്റെ കോളറിൽ പിടിച്ചു തള്ളിയെന്നും പൊലീസിൽ വിദ്യാർഥി മൊഴി നൽകി.
കൂടാതെ മറ്റൊരധ്യാപകൻ ‘നിന്റെ സ്വഭാവം ശരിയല്ല, നിന്റെ ചെകിടടിച്ച് പൊളിക്കയാണ് വേണ്ടത്, നിന്നേ പോലെയുള്ളവരെ ഭൂമിയുടെ മുകളിൽ വച്ചേക്കത്തില്ല’ എന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
പരാതിയിൽ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു.