അബിൻ ജീവിക്കും, ഇനി ആറുപേരിലൂടെ
text_fieldsഅബിൻ ശശി
മെഡിക്കൽ കോളജ്: വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച അബിൻ ശശിയുടെ അവയവങ്ങൾ ആറു പേർക്ക് പുതുജീവനേകും. ഇടുക്കി പാറേമാവ് സ്വദേശി അബിൻ ശശി (25) യുടെ അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന ആറ് പേർക്ക് ദാനം ചെയ്തത്. കൊട്ടാരക്കരയിലെ സ്വകാര്യ ആയുർവേദ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു അബിൻ.
ഏപ്രിൽ 15ന് രാവിലെ കൊട്ടാരക്കര പുത്തൂരിൽവെച്ചാണ് അബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ അബിനെ ആദ്യം കൊട്ടാരക്കരയിലും തുടർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 18ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അബിന്റെ ബന്ധുക്കൾ അവയവദാനത്തിന് തയാറാവുകയായിരുന്നു. രണ്ട് വൃക്കകൾ, കരൾ, ഹൃദയ വാൽവുകൾ, രണ്ട് കോർണിയ എന്നിവയാണ് ദാനം ചെയ്തത്. കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവമാറ്റ നടപടിക്രമ നടന്നത്. ഇടുക്കി കോളനിയിലെ പാറേമാവ് തോണിയിൽ വീട്ടിൽ ശശിയുടെയും മുൻ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ശശിയുടെയും മകനാണ് അബിൻ ശശി. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ നടക്കും.