വ്യാജവിസ നൽകി 6.5 ലക്ഷം തട്ടിയ പ്രതി അറസ്റ്റിൽ
text_fieldsമെഡിക്കൽ കോളജ്: വ്യാജ വിസ നൽകി ആറര ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഒളിവിൽ കഴിഞ്ഞയാൾ പിടിയിൽ. ഇടുക്കി തങ്കമണി വില്ലേജിൽ നെല്ലിപ്പാറ ആർ.സി ചർച്ചിനു സമീപം റോബിൻ ജോസിനെ (36) യാണ് മെഡിക്കൽ കോളജ് പൊലീസ് എറണാകുളത്തു നിന്നു പിടികൂടിയത്.
തൃശൂർ ഒല്ലൂർ സ്വദേശി ബൈജുവിന്‍റെ പരാതിയിലാണ് അറസ്റ്റ്. ഇറ്റലിയിലേക്ക് കെയർ ടേക്കർ വിസ സംഘടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്തതിൻപ്രകാരം ബൈജു ഇയാൾക്ക് ആറര ലക്ഷം രൂപ 2023 മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലായി നേരിട്ടും അക്കൗണ്ടു മുഖേനയും നൽകിയിരുന്നു. തുടർന്ന് പ്രതി വിസ നൽകിയെങ്കിലും അത് വ്യാജ വിസയാണെന്ന് കണ്ടെത്തി.
തട്ടിപ്പ് തിരിച്ചറിഞ്ഞതിനെതുടർന്ന് കൈപ്പറ്റിയ തുക മടക്കി നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ നൽകിയില്ലെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. തുടർന്നാണ് 2024 ഒക്ടോബറിൽ ബൈജു പൊലീസിൽ പരാതി നൽകിയത്. പരാതി നൽകിയതറിഞ്ഞ് ഒളിവിലായിരുന്ന പ്രതിയെ ഞായറാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളജ് എസ്.എച്ച്. ഒ ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


