മെഡിക്കൽ കോളജിൽ ചികിത്സക്കെത്തിച്ച തടവുകാരൻ രക്ഷപ്പെട്ടു
text_fieldsമെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കെത്തിച്ച തടവുകാരൻ ജയിൽ ഉദ്യോഗസ്ഥനെ തള്ളിവീഴ്ത്തി ഓടി രക്ഷപ്പെട്ടു. തുടർന്ന് രണ്ടു മണിക്കൂർ പ്രദേശമാകെ അരിച്ചുപെറുക്കി നടത്തിയ അന്വേഷണത്തിനൊടുവിൽ ഡി.എം.ഇ ഓഫീസിനുസമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടി. ബലാത്സംഗശ്രമത്തിന് കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കാഞ്ഞിരംകുളം ചാവടി രവിനഗർ കോളനിയിൽ വിനുവാണ് (41) രക്ഷപ്പെടാൻ ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ ഒ.പി ബ്ലോക്കിലാണ് സംഭവം.
ഡോക്ടറുടെ നിർദേശപ്രകാരം പ്രതിക്ക് എക്കോടെസ്റ്റ് നടത്തി. പരിശോധന ഫലം ഡോക്ടറെ കാണിച്ച ശേഷം ജയിലിലേക്ക് തിരികെ കൊണ്ടുപോകാൻ തുടങ്ങുമ്പോഴാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്. വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോൾ പ്രിസൺ എസ്കോർട്ട് ഉദ്യോഗസ്ഥനെ തള്ളിവീഴ്ത്തി ആൾക്കൂട്ടത്തിനിടയിലൂടെ ഓടി മറയുകയായിരുന്നു. പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.