ബസ് ഡിപ്പോയിൽ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീക്കുനേരെ ലൈംഗികാതിക്രമം
text_fieldsകാട്ടാക്കട: കെ.എസ്.ആര്‍.ടി.സി കാട്ടാക്കട ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ ഓഫിസിനുസമീപം ഉറങ്ങുകയായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്കുനേരെ ലൈംഗികാതിക്രമം. കഴിഞ്ഞ ദിവസം രാത്രി ഒന്നോടെയായിരുന്നു സംഭവം.
അതിക്രമം ശ്രദ്ധയിൽപെട്ട കെ.എസ്.ആർ.ടി.സി അധികൃതർ അക്രമിയെ ചോദ്യംചെയ്യുന്നതിനിടെ ഓടിപ്പോയി. വിവരം കാട്ടാക്കട പൊലീസില്‍ അറിയിച്ചു. ഇതിനിടെ അതിക്രമത്തിനിരയായ സ്ത്രീയും അപ്രത്യക്ഷയായി. സുരക്ഷകാമറകള്‍ പരിശോധിച്ച് പൊലീസ് അതിക്രമത്തെക്കുറിച്ച വ്യക്തതവരുത്തി. പരിശോധനയിൽ പ്രതിയെ സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചു. നിരവധി കേസുകളിലെ പ്രതിയായ ബ്രൂസിലി ഷിബുവാണ് പ്രതിയെന്ന് പൊലീസ് കരുതുന്നു.
ശനിയാഴ്ച രാത്രി പൊലീസ് ബസ് ഡിപ്പോയിൽനിന്ന് സ്ത്രീയെ കണ്ടെത്തി കാട്ടാക്കടയിലെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ വൈദ്യപരിശോധനക്കും കൗൺസലിങ്ങിനും വിധേയയാക്കി മൊഴി രേഖപ്പെടുത്തി കേസെടുത്തു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.


